ആര്‍എസ്എസ് പദ സഞ്ചലനത്തിന് ലീഗ് ഭരിക്കുന്ന പഞ്ചായത്ത് ഗ്രൗണ്ട്; എസ് ഡി പി ഐ പ്രതിഷേധമാര്‍ച്ച് നടത്തി

Update: 2023-10-31 07:21 GMT

പഴയങ്ങാടി: ആര്‍എസ്എസിന്റെ പദസഞ്ചലനത്തിന് മുസ്ലിം ലീഗ് ഭരിക്കുന്ന മാടായി ഗ്രാമപ്പഞ്ചായത്തിന്റെ ഗ്രൗണ്ട് വിട്ടുനല്‍കിയതില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐയുടെ നേതൃത്വത്തില്‍ ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. വിദ്വേഷവും അക്രമവും വംശീയ ഉന്‍മൂലനത്തിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്ന ആര്‍എസ്എസിന്റെ ശക്തിപ്രകടനത്തിന് മുസ്ലിം ലീഗ് നേതാവ് പഞ്ചായത്ത് പ്രസിഡന്റായ മാടായിയിലെ ഗ്രൗണ്ട് വിട്ടുനല്‍കിയതിനെതിരേ താക്കീതായി പ്രതിഷേധം മാറി. നിരവധി പേരാണ് പ്രതിഷേധത്തിനെത്തിയത്. എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി എ പി മുസ്തഫ ഉദ്ഘാടനം ചെയ്തു.


ഹരിയാനയിലും മണിപ്പൂരിലും എന്നുവേണ്ട രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ വംശീയ ഉന്‍മൂലനം നടത്തുകയും വര്‍ഗീയ കലാപങ്ങള്‍ ആസൂത്രണം ചെയ്യുകയും ചെയ്യുന്ന സംഘപരിവാരത്തിന് ഒത്താശ ചെയ്യുന്നത് അത്യന്തം അപകടരമാണ്. ഉത്തരേന്ത്യയില്‍ പലയിടത്തും മാരകായുധങ്ങളേന്തിയാണ് ഇത്തരം പരിപാടികള്‍ നടത്താറുള്ളത്. കേരളത്തിലെ മതനിരപേക്ഷ സമൂഹത്തിന്റെ എതിര്‍പ്പ് കാരണമാണ് മാരകായുധങ്ങള്‍ക്കു പകരം വടിയും മറ്റും ഉപയോഗിക്കുന്നത്. മലയാളി പൊതുസമൂഹം പൂര്‍ണമായും പുറംതള്ളിയ സംഘപരിവാരത്തിന് മാന്യത നല്‍കുന്ന നടപടിയാണ് മാടായി പഞ്ചായത്ത് ഭരണസമിതിയും അതിന് നേതൃത്വം നല്‍കുന്ന മുസ്‌ലിം ലീഗ് നേതൃത്വവും ചെയ്തത്. പൊതുജനങ്ങളുടെ എതിര്‍പ്പ് പോലും മനസ്സിലാക്കാതെയാണ് നടപടിയെന്നതില്‍ ദുരൂഹതയുണ്ട്.

മുസ്‌ലിം ലീഗ് നേതൃത്വം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് ഇത്തരം നടപടികളെങ്കില്‍ അത് ജനാധിപത്യ വിശ്വാസികള്‍ തിരിച്ചറിയുന്നുണ്ട്. പാര്‍ട്ടി നയമല്ലെങ്കില്‍ ഉത്തരവാദിത്തപ്പെട്ട പഞ്ചായത്ത് പ്രസിഡന്റിനെതിരേ നടപടിയെടുക്കണം. അല്ലാത്തപക്ഷം കോ-ലീ-ബി ബന്ധത്തിന്റെ തുടര്‍ച്ചയായി മാത്രമേ ഇതിനെ കാണാന്‍ കഴിയുകയുള്ളൂവെന്നും ജനാധിപത്യ-മതേതര വിശ്വാസികള്‍ ഇത്തരക്കാരെ അകറ്റിനിര്‍ത്തണമെന്നും എ പി മുസ്തഫ ആവശ്യപ്പെട്ടു.മണ്ഡലം വൈസ് പ്രസിഡന്റ് അഹ്‌മദ് മാടായി , മാടായി ഗ്രാമ പഞ്ചായത്ത് അംഗം മുനീര്‍ എ എന്നിവര്‍ സംസാരിച്ചു,മണ്ഡലം കമ്മിറ്റി അംഗം റിയാസ് വി,മാടായി പഞ്ചായത്ത് സെക്രെട്ടറി അല്‍താഫ് മുട്ടം,മഹമൂദ് ,മുന്‍ഷീദ്,ഫവാസ്,മന്‍സൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി




Tags:    

Similar News