കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊവിഡ് സ്ഥിരീകരിച്ച ചികില്‍സാ കേന്ദ്രത്തിലെത്തിച്ച മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു. തമിഴ്‌നാട് സ്വദേശിയും വര്‍ഷങ്ങളായി കേരളത്തില്‍ താമസക്കാരനുമായ വാരം സ്വദേശി ചന്ദ്രന്‍(48) ആണ് ഇന്നലെ രാത്രി ഏഴരയോടെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ കൊവിഡ് ചികില്‍സാ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടത്. 2020 ഏപ്രില്‍ 16 ന് മയ്യില്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലെ കണ്ണാടിപ്പറമ്പ് ആറാംപീടികയിലെ ഉമൈബയുടെ വീട് കുത്തിതുറന്ന് മൂന്നര പവന്റെ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതിയാണ്. കേസില്‍ ചന്ദ്രനെ കൂടാതെ സഹോദരന്‍ സൂര്യനെയും അറസ്റ്റ് ചെയ്തിരുന്നു. മറ്റു മോഷണക്കേസുകളിലും ഇരുവരും പ്രതികളാണ്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ കൊവിഡ് ചികില്‍സാകേന്ദ്രത്തിലെക്ക് ചന്ദ്രനെ മാറ്റുകയായിരുന്നു. ചന്ദ്രന്‍ ഉള്‍പ്പെടെ ഏഴ് പ്രതികളാണ് ഇവിടെ ചികില്‍സയില്‍ ഉണ്ടായിരുന്നത്. ഇതിനിടെയാണ് പോലിസുകാരുടെ കണ്ണുവെട്ടിച്ച് ചന്ദ്രന്‍ രക്ഷപ്പെട്ടത്. ഇയാളെ കണ്ടെത്താന്‍ പോലിസും ജയില്‍ വകുപ്പും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Robber escaped from Covid treatment center