കുന്നത്തൂരിൽ നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് നാലുപേർക്ക് പരിക്ക്
ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
കൊല്ലം: കുന്നത്തൂർ ഭൂതക്കുഴി ജങ്ഷനിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് നാലുപേർക്ക് പരിക്കേറ്റു. കാർ യാത്രികരായ മൈനാഗപ്പള്ളി വടക്കേതിൽ രാധാമണി, സുരാജി ഭവനിൽ സുകുമാരൻ ആചാരി, മണി, ഉഷാകുമാരി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിന്റെ ഡ്രൈവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
തിരുവനന്തപുരത്തുനിന്നും മൈനാഗപ്പള്ളിയിലേക്ക് മടങ്ങി വരവേയാണ് അപകടം. നിയന്ത്രണം നഷ്ടമായ കാർ ഇലക്ട്രിക് പോസ്റ്റ് തകർത്ത ശേഷം വീടിന്റെ മതിലിലേക്ക് ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ പ്രദേശവാസികളാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്. വാഹനവും വീടിന്റെ മതിലും വൈദ്യുത പോസ്റ്റും പൂർണമായും തകർന്നു.