കൊല്ലം: കഴിഞ്ഞ ദിവസം ട്രെയിനില്‍ തമിഴ്‌നാട്ടില്‍നിന്ന് കൊല്ലത്തെത്തിയ രണ്ട് പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഗുരുവായൂര്‍- ചെന്നൈ എഗ്മൂര്‍, തിരുനെല്‍വേലി- പാലക്കാട് പാലരുവി എക്‌സ്പ്രസ് എന്നീ ട്രെയിനുകളിലെത്തിയ ഓരോ യാത്രികര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. വിദേശത്തുനിന്നെത്തിയവര്‍ക്കും അവരുമായി സമ്പര്‍ക്കത്തിലുള്ള അടുത്ത ബന്ധുക്കള്‍ക്കും മാത്രമാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നത്.
ട്രെയിനില്‍നിന്ന് രോഗം പകര്‍ന്നതാണോയെന്ന് ഉറപ്പില്ലെന്നാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്. ഒമിക്രോണ്‍ ബാധ സംശയിക്കുന്നവരുടെ രണ്ട് സ്രവസാംപിള്‍ വീതം പരിശോധനയ്ക്ക് ശേഖരിക്കാനാണ് തീരുമാനം. ആദ്യ സാംപിള്‍ പരിശോധിച്ച് പോസിറ്റീവായാല്‍ രണ്ടാം സാംപിള്‍ ജനിതകശ്രേണീ പരിശോധനയ്ക്ക് അയക്കും. ഒമിക്രോണ്‍ ആണോയെന്ന് ഉറപ്പിക്കുകയാണ് ലക്ഷ്യം.