കൊല്ലം: സമാധാനപൂര്‍ണവും വിജയകരവുമായ ദാമ്പത്യജീവിതത്തിന് യുവതി യുവാക്കള്‍ക്ക് വിവാഹപൂര്‍വ കൗണ്‍സിലിങ് ക്ലാസുകള്‍ ഏറെ ഫലപ്രദമാവുമെന്ന് ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് അരുണാദേവി. കേരള സര്‍ക്കാര്‍ ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ കീഴില്‍ കടയ്ക്കല്‍ എംഎസ്എം അറബിക് കോളജില്‍ നടന്നുവന്ന ചതുര്‍ദിന പ്രീമാരിറ്റല്‍ കൗണ്‍സിലിങ് കോഴ്‌സിന്റെ സമാപന സെക്ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
കോളജ് ഡയറക്ടര്‍ ഡോ: എം എസ് മൗലവി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി ആര്‍ പുഷ്‌കരന്‍ പരിശീലനം നേടിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കേ-ഓഡിനേറ്റര്‍ ഡോ: ഷാജിവാസ്, കല്ലറ ഡിവിഷന്‍ ജില്ലാ പഞ്ചായത്തംഗം എസ് എം റാസി, കണ്ണനല്ലൂര്‍ പരിശീലനകേന്ദ്രം പ്രിന്‍സിപ്പല്‍ ഡോ: ബിനു, അഞ്ചല്‍ സഹദേവന്‍, ഹുസ്‌ന മജീദ്, ഉനൈസ് നിലമേല്‍, മുഹമ്മദ് സുഹൈല്‍, നസ്വീഹ ചാറയം സംസാരിച്ചു.