ചെയര്‍പേഴ്‌സന്‍ തിരഞ്ഞെടുപ്പ്: എല്‍ഡിഎഫ് പിന്‍മാറ്റം യുഡിഎഫ് ഭീഷണി മൂലമെന്ന് എസ്ഡിപിഐ
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയില്‍ നാളെ നടക്കാനിരിക്കുന്ന ചെയര്‍പേഴ്‌സന്‍ തിരഞ്ഞെടുപ്പില്‍നിന്നുള്ള ഇടതുപക്ഷത്തിന്റെ പിന്‍മാറ്റം യുഡിഎഫിന്റെ ഭീഷണിയെത്തുടര്‍ന്നുള്ള ഭയം മൂലമാണെന്ന് എസ്ഡിപിഐ ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റി. കൃത്യമായ ഭൂരിപക്ഷമില്ലതിനാല്‍ ചെയര്‍പേഴ്‌സന്‍ തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുന്നു എന്നാണ് ഇടതുപക്ഷ നേതാക്കള്‍ ഉള്‍പ്പടെ ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ഈ ധാരണ ഇല്ലാതെയാണോ തുടക്കത്തില്‍ പത്തുപേരുമായി അവിശ്വാസപ്രമേയത്തിന് എല്‍ഡിഎഫ് കത്ത് നല്‍കിയതെന്നും ഭാരവാഹികള്‍ ചോദിച്ചു.
കഴിഞ്ഞ ഒന്നരമാസമായുണ്ടാവാതിരുന്ന ഈ വെളിപാട് കേവലം ഒറ്റദിവസം കൊണ്ട് ഉണ്ടായത് യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ സംസ്ഥാന തലത്തില്‍തന്നെ ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടിന്റെ പരിണിതഫലമാണ്. ഈരാറ്റുപേട്ട നഗരസഭയില്‍ ഒന്നര മാസം ഭരണസ്തംഭനമുണ്ടാക്കിയതിന് എല്‍ഡിഎഫ് നേതാക്കളും കൗണ്‍സിലര്‍മാരും ജനങ്ങളോട് മാപ്പുപറയണം. ആര്‍ജവത്തോടെ തീരുമാനങ്ങളെടുക്കാനും അത് പ്രാവര്‍ത്തികമാക്കാനും കഴിവും നട്ടെല്ലുമുള്ള നേതൃത്വങ്ങള്‍ ഈരാറ്റുപേട്ടയില്‍ ഇടതുപക്ഷത്തിനില്ലാത്തതിന്റെ ഫലമാണ് നഗരസഭാ ഭരണസ്തംഭനത്തിലൂടെ വ്യക്തമായിരിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് സി എച്ച് ഹസീബ്, ജില്ലാ കമ്മിറ്റിയംഗം സബീര്‍ കുരുവാനാല്‍, മുനിസിപ്പല്‍ സെക്രട്ടറി ഹിലാല്‍ വെള്ളുപറമ്പില്‍, പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും കൗണ്‍സിലറുമായ അന്‍സാരി ഈലക്കയം എന്നിവര്‍ പങ്കെടുത്തു.