ഇടയിരിക്കപ്പുഴ സിഎച്ച്‌സിയിലെ കൊവിഡ് പരിശോധന; എസ്ഡിപിഐ ഒപ്പ് ശേഖരണം നടത്തി

കേന്ദ്ര-സംസ്ഥാന ആരോഗ്യ മന്ത്രിമാര്‍ക്ക് നിവേദനം നല്‍കുന്നതിനാണ് ഒപ്പ് ശേഖരണം നടത്തിയത്. എസ്ഡിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് അന്‍സാരി പത്തനാട് ഉദ്ഘാടനം ചെയ്തു.

Update: 2022-01-31 14:41 GMT

പത്തനാട്: കങ്ങഴ പഞ്ചായത്തിലെ ഇടയിരിക്കപ്പുഴ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കൊവിഡ് പരിശോധനകള്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ കങ്ങഴ പഞ്ചായത്ത് കമ്മിറ്റി ഒപ്പ് ശേഖരണം സംഘടിപ്പിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര-സംസ്ഥാന ആരോഗ്യ മന്ത്രിമാര്‍ക്ക് നിവേദനം നല്‍കുന്നതിനാണ് ഒപ്പ് ശേഖരണം നടത്തിയത്. എസ്ഡിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് അന്‍സാരി പത്തനാട് ഉദ്ഘാടനം ചെയ്തു.


എസ്ഡിപിഐ കങ്ങഴ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ സുബൈര്‍, സെക്രട്ടറി അജീബ്, പ്ലാക്കല്‍ പടി ബ്രാഞ്ച് പ്രസിഡന്റ് അയ്യൂബ് ഖാന്‍, സെക്രട്ടറി അന്‍വര്‍ ഇടയിരിക്കപ്പുഴ, പത്തനാട് ബ്രാഞ്ച് സെക്രട്ടറി ബഷീര്‍, ഫൈസല്‍ പത്തനാട്, മണ്ഡലം ഖജാന്‍ജി ഗഫൂര്‍ മുണ്ടത്താനം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


ഇടയിരിക്കപ്പുഴ സിഎച്ച്‌സിയില്‍ ഡോക്ടര്‍മാരുടെ സേവനം വെട്ടിച്ചുരുക്കിയ പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം പിന്‍വലിക്കണമെന്നും പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കൊവിഡ് പരിശോധനകള്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി കോട്ടയം ജില്ലാ കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. കൊവിഡിന്റെ ഒന്നും രണ്ടും തരംഗ സമയത്ത് ഇവിടെ കൊവിഡ് പരിശോധനകള്‍ നടത്തിയിരുന്നു. എന്നാല്‍, ഇപ്പോള്‍ വളരെ ആശങ്കാജനകമായ അവസ്ഥയില്‍ കൊവിഡ് വ്യാപനം നടന്നു വരുന്നു.


കങ്ങഴ, മണിമല, നെടുംകുന്നം, വാഴൂര്‍, വെള്ളാവൂര്‍ എന്നീ പഞ്ചായത്തിലെ ഭൂരിഭാഗം വരുന്ന സാധാരണക്കാരായ ജനങ്ങളുടെ ആശ്രയ കേന്ദ്രമാണ് ഇടയിരിക്കപ്പുഴ സിഎച്ച്‌സി. കൊവിഡ് പരിശോധനകള്‍ വളരെ ചെലവേറിയതിനാല്‍ സാധാരണ ജനങ്ങള്‍ക്ക് അത് വഹിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. അതിനാല്‍, ഇടയിരിക്കപ്പുഴ സിഎച്ച്‌സിയില്‍ കൊവിഡ് ആന്റിജന്‍, ആര്‍ടിപിസിആര്‍ പരിശോധനകള്‍ പുനരാരംഭിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് എസ്ഡിപിഐ കങ്ങഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം കെ സുബൈര്‍, സെക്രട്ടറി കെ എ അജീബ് എന്നിവര്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Similar News