നൂറ് ദിന കര്‍മപരിപാടി: വൈദ്യുതി മേഖലയില്‍ തുടക്കമിട്ടത് 29.2 കോടിയുടെ പദ്ധതികള്‍
കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ വൈദ്യുതി മേഖലയില്‍ 29.2 കോടി രൂപയുടെ പദ്ധതികള്‍ക്ക് കെഎസ്ഇബി തുടക്കം കുറിച്ചു. 479 പ്രവൃത്തികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പുതിയ പദ്ധതികള്‍ക്കൊപ്പം നേരത്തെ ആരംഭിച്ചവയുടെ നിര്‍വഹണവും കാര്യക്ഷമമായി പുരോഗമിച്ചുവരികയാണെന്ന് കോട്ടയം ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എബി കുര്യാക്കോസ് അറിയിച്ചു. നിലാവ് പദ്ധതിയില്‍ ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലും അയര്‍ക്കുന്നം, കിടങ്ങൂര്‍ ഗ്രാമപ്പഞ്ചായത്തുകളിലുമായി 1500 എല്‍ഇഡി തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു.
ഫിലമെന്റ് രഹിത കേരളം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കായി 652838 എല്‍ഇഡി ബള്‍ബുകള്‍ വിതരന്നം ചെയ്തു. കേരള വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 31 പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. 155 ലക്ഷം രൂപയുടെ 76 പദ്ധതികളുടെ നിര്‍മാണം പുരോഗമിക്കുന്നു. 27 സ്ഥലങ്ങളില്‍ സൗര നിലയങ്ങള്‍ പ്രവര്‍ത്തന ക്ഷമമാക്കുകയും 12 നിലയങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു. നാല് കേന്ദ്രങ്ങളില്‍ നിര്‍മ്മാണം പുരോഗമിക്കുന്നു. 28 ട്രാന്‍സ്‌ഫോര്‍മറുകളും 58. 73 കിലോ മീറ്റര്‍ പുതിയ 11 കെവി ലൈനുകളും 44.33 കിലോ മീറ്റര്‍ എല്‍ടി ലൈനുകളും സ്ഥാപിച്ചു. 2802 പുതിയ എല്‍ടി കണക്ഷനുകളും ആറ് എച്ച്ടി കണക്ഷനുകളും നല്‍കിയതായും അദ്ദേഹം പറഞ്ഞു.