കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണം; സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തി ജനകീയ സമിതി
കണ്ണൂര്‍: കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കെ റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തില്‍ ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി ടി മാത്യു ഉദ്ഘാടനം ചെയ്തു. ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തി ഗൂഢോദ്ദേശത്തോടുകൂടിയാണ് സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഇത്രയധികം സാമൂഹിക പാരിസ്ഥിതിക സാമ്പത്തിക ആഘാതം വരുത്തിവയ്ക്കുന്ന പദ്ധതി എന്തുഫലമാണ് സാമൂഹത്തിന് നല്‍കുന്നതെന്ന് ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ഈ ജനവിരുദ്ധ പദ്ധതി ഉപേക്ഷിക്കും വരെ ജനങ്ങള്‍ സമരരംഗത്ത് അടിയുറച്ചുനില്‍ക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പി ടി മാത്യു അഭിപ്രായപ്പെട്ടു.
യോഗത്തില്‍ എ പി ബദറുദ്ദിന്‍ അധ്യക്ഷത വഹിച്ചു. കെ റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എസ് രാജീവന്‍ പരിപാടിയില്‍ മുഖ്യപ്രസംഗം നടത്തി. പാരിസ്ഥിതിക ആഘാതം കേരളത്തെ വലിയ രീതിയില്‍ ബാധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍, ജനങ്ങളെ വന്‍തോതില്‍ കുടിയിറക്കി, വീണ്ടും മറ്റൊരു പാരിസ്ഥിതിക ദുരന്തത്തിനിടയാക്കുന്ന കെ റെയില്‍ പദ്ധതി ഉപേക്ഷിച്ച് കേരള ജനതയെ രക്ഷിക്കണമെന്ന് എസ് രാജീവന്‍ ആവിശ്യപ്പെട്ടു.
മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.അബ്ദുല്‍ കരിം ചേലേരി, എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടറി കെ കെ സുരേന്ദ്രന്‍, കെ സി ഉമേഷ് ബാബു, ഡോ.ഡി സുരേന്ദ്രനാഥ്, പി പി കൃഷ്ണന്‍ മാസ്റ്റര്‍, കെ റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി സംസ്ഥാന കമ്മിറ്റിയംഗം അനൂപ് ജോണ്‍, ജില്ലാ സംഘാടക സമിതി കണ്‍വീനര്‍ അഡ്വ.പി സി വിവേക്, അഡ്വ.ആര്‍ അപര്‍ണ എന്നിവര്‍ സംസാരിച്ചു.
എ പി ബദറുദ്ദീന്‍ ചെയര്‍മാനായും അഡ്വ.പി സി വിവേക് ജനറല്‍ കണ്‍വീനറായും ജില്ലാ കെ റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതിക്ക് യോഗം രൂപം കൊടുത്തു. ഒക്ടോബര്‍ 27 ന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വിജയിപ്പിക്കാനും കുടിയൊഴിപ്പിക്കുന്ന ജനങ്ങളെ പങ്കെടുപ്പിച്ച് സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കാനാവശ്യപ്പെട്ട് നവംബര്‍ മാസത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് സംഘടിപ്പിക്കാനും കണ്‍വന്‍ഷന്‍ തീരുമാനമെടുത്തു.