കോട്ടയം നഗരസഭയില്‍ സംഘര്‍ഷാവസ്ഥ; യുഡിഎഫ് ചെയര്‍പേഴ്‌സനെ എല്‍ഡിഎഫ് അംഗങ്ങള്‍ മുറിയില്‍ പൂട്ടിയിട്ടു

Update: 2022-02-18 10:58 GMT

കോട്ടയം: യുഡിഎഫ് നഗരസഭാ ചെയര്‍പേഴ്‌സന്‍ ബിന്‍സി സെബാസ്റ്റ്യനെ എല്‍ഡിഎഫ് അംഗങ്ങള്‍ മുറിയില്‍ പൂട്ടിയിട്ടു. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നില്ലെന്നാരോപിച്ചുള്ള തര്‍ക്കമാണ് സംഘര്‍ഷാവസ്ഥയിലെത്തിയത്. എല്‍ഡിഎഫ് അംഗങ്ങളും യുഡിഎഫ് ചെയര്‍പേഴ്‌സനും മുറിയില്‍ തുടരവെ യുഡിഎഫ് അംഗങ്ങള്‍ പുറത്തുനിന്ന് വാതില്‍ തുറന്നെത്തുകയായിരുന്നു. തുടര്‍ന്ന് ഇരുപക്ഷവും തമ്മില്‍ വിവിധ കാര്യങ്ങളുന്നയിച്ച് രൂക്ഷമായ വാക്കേറ്റമുണ്ടായി. പല പദ്ധതികളും ഫണ്ടില്ലാത്തതിനാല്‍ മുടങ്ങിക്കിടക്കുകയാണെന്നും കിട്ടിയ ഫണ്ട് വിതരണം ചെയ്യുന്നതില്‍ വിവേചനം കാട്ടിയിട്ടില്ലെന്നും ചെയര്‍പേഴ്‌സന്‍ ബിന്‍സി സെബാസ്റ്റ്യന്‍ പ്രതികരിച്ചു.

എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ തന്നെ മുറിയില്‍ പൂട്ടിയിടുകയായിരുന്നുവെന്നും ഇതിനെതിരേ യുഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി. കോട്ടയം നഗരസഭയില്‍ 22 അംഗങ്ങള്‍ വീതമാണ് എല്‍ഡിഎഫിനും യുഡിഎഫിനുമുള്ളത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് നഗരസഭയില്‍ എല്‍ഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നു. എന്നാല്‍, അവിശ്വാസ പ്രമേയം പാസായെങ്കിലും പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കുകയായിരുന്നു. 30 വര്‍ഷത്തിലധികമായി യുഡിഎഫാണ് നഗരസഭ ഭരിക്കുന്നത്. ഫണ്ട് വിഹിതത്തിലെ തിരിമറി, സ്വജനപക്ഷപാതം തുടങ്ങിയവ ആരോപിച്ച് എല്‍ഡിഎഫ് മുമ്പും നിരവധി സമരങ്ങള്‍ നടത്തിയിട്ടുണ്ട്.

Tags:    

Similar News