എംജി ബിരുദ ഏകജാലക പ്രവേശനം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് തുടക്കം; ഒന്നാം വര്‍ഷ ക്ലാസുകള്‍ സപ്തംബര്‍ 27 മുതല്‍
കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ ഏകജാലകം വഴിയുള്ള ഒന്നാം വര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളില്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ പ്രഫ.സാബു തോമസ് നിര്‍വഹിച്ചു. കൊവിഡ് വ്യാപന സാഹചര്യത്തില്‍ പ്രവേശനം പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് നടത്തുക. അതിനാല്‍, എന്‍സിസി/എന്‍എസ്എസ്/ വിമുക്തഭടന്‍ എന്നീ വിഭാഗങ്ങള്‍ക്കുള്ള ബോണസ് മാര്‍ക്ക് ലഭിക്കുന്നതിനായുള്ള സാക്ഷ്യപത്രങ്ങള്‍, പട്ടികജാതി/പട്ടിക വര്‍ഗ വിഭാഗക്കാര്‍, ഒഇസി., എസ്ഇബിസി എന്നീ വിഭാഗക്കാര്‍, മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ എന്നീ വിഭാഗങ്ങളിലെ സംവരണത്തിനാവശ്യമായ സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റല്‍ പകര്‍പ്പുകള്‍ അപ്‌ലോഡ് ചെയ്യേണ്ടതായുണ്ട്.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി ആഗസ്ത് 13 ആണ്. ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലെ ക്ലാസുകള്‍ സപ്തംബര്‍ 27ന് ആരംഭിക്കും. പ്രോസ്‌പെക്ടസില്‍ പറയുന്ന പ്രകാരം സംവരണാനുകൂല്യത്തിനായി നിശ്ചിത സാക്ഷ്യപത്രങ്ങള്‍ തന്നെയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത് എന്ന് അപേക്ഷകര്‍ ഉറപ്പുവരുത്തേണ്ടതാണ്. കൃത്യമായ രേഖകളുടെ അഭാവത്തില്‍ പ്രവേശനം തന്നെ റദ്ദാക്കപ്പെടുന്നതിന് സാധ്യതയുണ്ടെന്നതിനാല്‍ അപേക്ഷകര്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എസ്‌സി/എസ്ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 375 രൂപയും മറ്റുള്ളവര്‍ക്ക് 750 രൂപയുമാണ് രജിസ്‌ട്രേഷന്‍ ഫീസ്. www.cap.mgu.ac.in എന്ന വെബ്‌സൈറ്റ് മുഖേനയാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ടത്.
പ്രവേശനം സംബന്ധിച്ച വിശദവിവരങ്ങള്‍ പ്രസ്തുത സൈറ്റില്‍ ലഭിക്കും. മാനേജ്‌മെന്റ്/കമ്മ്യൂണിറ്റി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവര്‍ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും അപേക്ഷ നമ്പര്‍ പ്രവേശനം ആഗ്രഹിക്കുന്ന കോളജില്‍ അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് നല്‍കേണ്ടതുമാണ്. പട്ടികജാതി/പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെടുന്നവര്‍ സംവരണാനുകൂല്യം ലഭിക്കുന്നതിന് ജാതി സര്‍ട്ടിഫിക്കറ്റും എസ്ഇബിസി/ ഒഇസി വിഭാഗത്തില്‍പ്പെടുന്നവര്‍ ജാതി സര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റുമാണ് അപ്‌ലോഡ് ചെയ്യേണ്ടത്. ഇഡബ്ല്യുഎസ് വിഭാഗത്തിന്റെ ആനുകൂല്യം അവകാശപ്പെടുന്നവര്‍ 'ഇന്‍കം ആന്റ് അസറ്റ്‌സ് സര്‍ട്ടിഫിക്കറ്റ്' അപ്‌ലോഡ് ചെയ്യണം.
സംവരണാനുകൂല്യം ആവശ്യമില്ലാത്ത പിന്നാക്ക വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് പൊതുവിഭാഗം സെലക്ട് ചെയ്യുകയോ വരുമാനം എട്ട് ലക്ഷത്തില്‍ കൂടുതലായി നല്‍കിയതിനുശേഷം സംവരണം ആവശ്യമില്ല എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കാവുന്നതുമാണ്. എന്‍സിസി/എന്‍എസ്എസ് എന്നീ വിഭാഗങ്ങളില്‍ ബോണസ് മാര്‍ക്ക് ക്ലെയിം ചെയ്യുന്നവര്‍ ബിരുദ തലത്തിലെ സാക്ഷ്യപത്രങ്ങളാണ് അപ്‌ലോഡ് ചെയ്യേണ്ടത്. ഇതേപോലെ തന്നെ വിമുക്തഭടന്‍/ജവാന്‍ എന്നിവരുടെ ആശ്രിതര്‍ക്ക് ലഭ്യമാവുന്ന ബോണസ് മാര്‍ക്കിനായി ജില്ലാ സൈനിക ക്ഷേമ ഓഫിസില്‍നിന്നും ലഭ്യമാവുന്ന സാക്ഷ്യപത്രം ലഭ്യമാക്കേണ്ടതാണ്. ഇതിനായി ആര്‍മി/നേവി/എയര്‍ഫോഴ്‌സ് എന്നീ വിഭാഗങ്ങള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ.
ലക്ഷദ്വീപില്‍നിന്നുള്ള അപേക്ഷകര്‍ക്കായി ഓരോ കോളേജിലും സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. ലക്ഷദ്വീപ് നിവാസികളായ അപേക്ഷകരും ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും അപേക്ഷ നമ്പര്‍ പ്രവേശനം ആഗ്രഹിക്കുന്ന കോളജില്‍ അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് നല്‍കുകയും വേണം. ഏകജാലകത്തിലൂടെ അപേക്ഷിക്കാത്തവര്‍ക്ക് മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി ക്വാട്ടകളിലേക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല. ഭിന്നശേഷിക്കാര്‍/സ്‌പോര്‍ട്‌സ്/ കള്‍ച്ചറല്‍ ക്വാട്ട വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ എന്നിവര്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലെ പ്രവേശനത്തിനും ഓണ്‍ലൈനായി അപേക്ഷിക്കണം. പ്രൊവിഷനല്‍ റാങ്ക് ലിസ്റ്റ് സര്‍വകലാശാല പ്രസിദ്ധീകരിക്കുന്നതും രേഖകളുടെ പരിശോധന സര്‍വകലാശാല കേന്ദ്രീകൃതമായി നടത്തുന്നതുമായിരിക്കും.