പാലാ കെഎസ്ആര്‍ടിസി സ്‌റ്റേഷന്‍ മാസ്റ്റര്‍ ചാരായവുമായി അറസ്റ്റില്‍

Update: 2021-07-18 08:42 GMT

കോട്ടയം: പാലായിലെ കെഎസ്ആര്‍ടിസി സ്‌റ്റേഷന്‍ മാസ്റ്ററെ വാറ്റ് ചാരായവുമായി പിടികൂടി. മേലുകാവ് ഇല്ലിക്കല്‍ സ്വദേശി ജെയിംസ് ജോര്‍ജാണ് പിടിയിലായത്. കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം നടത്തിയ മിന്നല്‍പരിശോധനയിലാണ് ഇയാളില്‍നിന്ന് വാറ്റ് ചാരായം പിടികൂടിയത്. ഇയാളുടെ കൈയില്‍നിന്ന് അരലിറ്റര്‍ ചാരായവും പിടിച്ചെടുത്തു. ജോലിക്കിടെ ഇയാള്‍ മദ്യപിച്ചിരുന്നതായും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പാലാ കെഎസ്ആര്‍ടിസിയിലെ ഉദ്യോഗസ്ഥര്‍ ജോലിസമയത്ത് മദ്യപിക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സിന്റെ പരിശോധന. ചാരായം കണ്ടെടുത്തതോടെ കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം പാലാ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ് ജോണിനെ വിവരമറിയിച്ചു. ഇതുപ്രകാരം പാലാ എക്‌സൈസ് റെയ്ഞ്ച് ഓഫിസിലെ പ്രിവന്റീവ് ഓഫിസര്‍ ബി ആനന്ദരാജും സംഘവും കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനിലെത്തി ചാരായം കൈവശംവച്ച കുറ്റത്തിന് ജെയിംസ് ജോര്‍ജിനെ അറസ്റ്റുചെയ്യുകയായിരുന്നു.

കേരള അബ്കാരി ആക്ട് പ്രകാരം അറസ്റ്റുചെയ്ത ജെയിംസിനെ നാളെ രാവിലെ കോടയില്‍ ഹാജരാക്കും. എക്‌സൈസ് സംഘത്തില്‍ സിഇഒമാരായ പി എ സാജിദ്, എം എന്‍ നന്ദു, ഗ്രേഡ് പ്രിവന്റീവ് ഓഫിസര്‍മാരായ ഷിബു ജോസഫ്, വി വിനോദ് കുമാര്‍, സി കണ്ണന്‍, ബി ആനന്ദരാജ് എന്നിവരുമുണ്ടായിരുന്നു.

Tags:    

Similar News