തുണിത്തരങ്ങള്‍ക്ക് നികുതി വര്‍ധിപ്പിച്ചതിനെതിരേ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും
സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായാണ് കോട്ടയം ജില്ലയിലും പ്രതിഷേധം സംഘടിപ്പിച്ചത്.
കോട്ടയം: ഉടുതുണിക്ക് ഇരട്ടിയിലധികം നികുതി വര്‍ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരേ വ്യാപാര വിരുദ്ധ ജനവിരുദ്ധ നടപടികള്‍ അവസാനിപ്പിക്കുക, ഉയര്‍ത്തിയ നികുതി പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തി കേരള ടെക്‌സ്‌റ്റൈല്‍ ആന്റ് ഗാര്‍മെന്റ്‌സ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കോട്ടയം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായാണ് കോട്ടയം ജില്ലയിലും പ്രതിഷേധം സംഘടിപ്പിച്ചത്.
കൊവിഡ് വന്നതിനുശേഷം വ്യാപാരശാല അടച്ചിട്ടപ്പോള്‍ സ്‌റ്റോക്ക് വിറ്റഴിക്കാന്‍ സാധിക്കാതെ ഏറ്റവുമധികം നഷ്ടമുണ്ടായത് വസ്ത്ര വ്യാപാരമേഖലയില്‍ ആണെന്നും ബാങ്ക് ലോണുകള്‍ ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങളില്‍പെട്ടുഴലുന്ന വസ്ത്ര വ്യാപാരിക്ക് ഇരുട്ടടിയായിരിക്കുകയാണ് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നീക്കമെന്നും കേരള ടെക്‌സ്‌റ്റൈല്‍ ആന്‍ഡ് ഗാര്‍മെന്റ്‌സ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ നടത്തിയ കോട്ടയം ജില്ല ജിഎസ് ടി ഓഫീസിനു മുന്‍പില്‍ നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് കൊണ്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു.
വ്യാപാരികളെ കൂടുതല്‍ കടക്കെണിയിലേക്കും മാനസിക സംഘര്‍ഷത്തിലേക്കും അതുവഴി ആത്മഹത്യയിലേക്കും നയിക്കുന്ന വസ്ത്രങ്ങളുടെ നികുതിനിരക്ക് കുത്തനെ ഉയര്‍ത്തിയ നടപടി വ്യാപാരികളുടെ നട്ടെല്ലൊടിക്കുകയും സാധാരണ ജനങ്ങളെ ദ്രോഹിക്കുകയും ചെയ്യുന്ന നിലപാട് ആണെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ അനില്‍കുമാര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം കെ തോമസുകുട്ടി, വ്യാപാരി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു, കെടിജിഎ ജില്ലാ പ്രസിഡന്റ് ജോര്‍ജ് കൂടല്ലി, സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ് മുണ്ടക്കല്‍, ജില്ലാ ജനറല്‍ സെക്രട്ടറിനിയാസ് വെള്ളൂ പറമ്പില്‍ ജില്ലാ ഭാരവാഹികളായ സതീഷ് വലിയ വീടന്‍, എം ബി അമീന്‍ഷാ, നാഗേന്ദ്രന്‍ ഐശ്വര്യ, എബി ദേവസ്യ, പിപ്പു ജോസഫ്, എബിന്‍ ജോസ് പോള്‍, ഗോവിന്ദ് വാരിക്കാട്, സജിത, പി ബി ഗിരീഷ്, ജോയ് ജോണ്‍, ഷാഹുല്‍ പറക്കവെട്ടി, റൗഫ് റഹീം, രാജി റെജി തുടങ്ങിയവര്‍ സംസാരിച്ചു.