കോട്ടയം മെഡിക്കല്‍ കോളജിലെ നവജാതശിശുക്കളുടെ മൃതദേഹത്തോടുള്ള അനാദരവ് അവസാനിപ്പിക്കുക: എസ്ഡിപിഐ
മൃതദേഹം സംസ്‌കരിക്കുന്നതിനായി മെഡിക്കല്‍ കോളജ് ആര്‍എംഒയുമായി ബന്ധപ്പെട്ടപ്പോള്‍ നവജാതശിശുക്കളുടെ മൃതദേഹങ്ങള്‍ യാതൊരുവിധ തിരിച്ചറിയല്‍ രേഖയുമില്ലാതെയാണ് സൂക്ഷിക്കുന്നതെന്നും അതിനാല്‍ വിട്ടു തരാന്‍ സാധിക്കില്ലായെന്നുമായിരുന്നു മറുപടി.
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ നവജാതശിശുക്കളുടെ മൃതദേഹത്തോടുള്ള അനാദരവ് ഉടന്‍ അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ കോട്ടയം മണ്ഡലം പ്രസിഡന്റ് അഫ്‌സല്‍ പി എ അഫ്‌സല്‍ ആവശ്യപ്പെട്ടു.
അടിമാലിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ അസം സ്വദേശിനായ ജീവനക്കാരി അഫ്‌സാന പ്രസവവേദനയെ തുടര്‍ന്ന് അടിമാലിയിലെ ആശുപത്രിയില്‍ ചികിത്സതേടുകയും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതിനെതുടര്‍ന്ന് അങ്ങോട്ടേക്കുള്ള യാത്രാമധ്യേ പ്രസവിക്കുകയും കുട്ടി മരിക്കുകയും ചെയ്തിരുന്നു.
പരിശോധനയില്‍ മാതാവ് കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതോടെ കൊവിഡ് പ്രസവ വാര്‍ഡിലേക്ക് മാറ്റി. എന്നാല്‍, കുഞ്ഞിന്റെ മൃതദേഹം മുഖം പോലും മറക്കാതെ മണിക്കൂറുകളോളം മാതാവിന്റെ കണ്മുന്നില്‍ തന്നെ കിടത്തുകയും മലയാളം അറിയാത്ത മാതാപിതാക്കളില്‍ നിന്ന് രേഖകള്‍ ഒപ്പിട്ടുവാങ്ങുകയും ചെയ്തു.
നവജാതശിശുവിന്റെ മൃതദേഹത്തോടുള്ള അനാദരവ് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് എസ്ഡിപിഐ മണ്ഡലം ഭാരവാഹികള്‍ മാതാപിതാക്കളുമായി ചര്‍ച്ച നടത്തി മൃതദേഹം സംസ്‌കരിക്കുന്നതിനായി മെഡിക്കല്‍ കോളജ് ആര്‍എംഒയുമായി ബന്ധപ്പെട്ടപ്പോള്‍ നവജാതശിശുക്കളുടെ മൃതദേഹങ്ങള്‍ യാതൊരുവിധ തിരിച്ചറിയല്‍ രേഖയുമില്ലാതെയാണ് സൂക്ഷിക്കുന്നതെന്നും അതിനാല്‍ വിട്ടു തരാന്‍ സാധിക്കില്ലായെന്നുമായിരുന്നു മറുപടി. 10ഉം 15ഉം നവജാതശിശുക്കളുടെ മൃതദേഹം ഒന്നിച്ചാകുമ്പോള്‍ കോട്ടയം മുട്ടമ്പലത്തുള്ള മുനിസിപ്പല്‍ ശ്മശാനത്തിലെത്തിച്ച് സംസ്‌ക്കരിക്കാറാണ് പതിവെന്നും അറിയിക്കുകയായിരിന്നു.
സാധാരണക്കാരായ ആയിരക്കണക്കിന് ജനങ്ങള്‍ ആശ്രയിക്കുന്ന മെഡിക്കല്‍ കോളജില്‍ വേണ്ടത്ര സുരക്ഷിതത്വമില്ലാത്തത് ആരോഗ്യ വകുപ്പിന്റെ അനാസ്ഥയാണ്. നവജാഥ ശിശുക്കളുടെ മൃതദേഹത്തോടുള്ള അനാഥരവ് അവസാനിപ്പിച്ചില്ലായെങ്കില്‍ പാര്‍ട്ടി ശക്തമായ പ്രക്ഷോഭവുമായി രംഗത്തുവരുമെന്ന് എസ്ഡിപിഐ കോട്ടയം മണ്ഡലം പ്രസിഡന്റ് പി എ അഫ്‌സല്‍ അറിയിച്ചു. മണ്ഡലം സെക്രട്ടറി എംഎസ് സിറാജിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് ആരോഗ്യവകുപ്പുമായി ബന്ധപ്പെടുകയും മരണപ്പെട്ട നവജാതശിശുവിന്റെ മാതാപിതാക്കളെസന്ദര്‍ശിക്കുകയും ചെയ്തു.