കോട്ടയത്ത് പാറമടക്കുളത്തില്‍ ടിപ്പര്‍ ലോറി മറിഞ്ഞു; ഡ്രൈവറെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു
കോട്ടയം: മറിയപ്പള്ളി മുട്ടത്തെ പാറമടക്കുളത്തിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു. ലോറിയില്‍ കുടുങ്ങിയ ഡ്രൈവറെ രക്ഷിക്കാനുള്ള ശ്രമം തുടരകയാണ്. ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് ലോറി 100 അടിയോളം താഴ്ചയുള്ള ക്വാറിയില്‍ വീണത്. തിരുവനന്തപുരം പാറശ്ശാല സ്വദേശി ഡ്രൈവര്‍ അജി കുമാറിനെക്കുറിച്ച് വിവരമില്ല. സമീപത്തുള്ള വളം ഡിപ്പോയില്‍ വളം കയറ്റാനെത്തിയ ലോറി ക്വാറിയില്‍ വീഴുകയായിരുന്നു.
വളവ് തിരിയുന്നതിനിടെ തിട്ടയിടിഞ്ഞ് ലോറി പാറമടയിലേക്ക് മറിയുകയായിരുന്നു. അഗ്‌നിശമന സേനയുടെ സ്‌കൂബാ ഡൈവേഴ്‌സ് വാഹനം കണ്ടെത്തിയിരുന്നു. നിരവധി വര്‍ഷം വാഹനമോടിച്ച് പരിചയമുള്ളയാളാണ് അജികുമാര്‍. ദേഹാസ്വാസ്ഥ്യമുണ്ടായോയെന്നാണ് സംശയം. ഇന്നലെ രാത്രി രണ്ടുമണി വരെ നാട്ടുകാരും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. ക്രെയിനെത്തിച്ചിട്ടും രക്ഷയുണ്ടായിരുന്നില്ല. വാഹനം പുറത്തുനിന്ന് നോക്കിയാല്‍ കാണാത്ത തരത്തില്‍ ആണ്ടുകിടക്കുകയാണ്.