കോട്ടയത്ത് ട്രെയിനിന്റെ അടിയില്‍ കയറിക്കിടന്ന് യുവാവിന്റെ പരാക്രമം പരിഭ്രാന്തി പരത്തി

Update: 2021-06-18 10:09 GMT

കോട്ടയം: കോട്ടയം കോതനെല്ലൂരില്‍ ട്രെയിനിന്റെ അടിയില്‍ കയറിക്കിടന്ന് യുവാവ് നടത്തിയ പരാക്രമം പരിഭ്രാന്തി പരത്തി. കോട്ടയം പാറമ്പുഴ സ്വദേശിയായ 47കാരനാണ് ട്രെയിനിനടിയില്‍ കയറി അരമണിക്കൂറോളം റെയില്‍വേ ജീവനക്കാരെയും അധികാരികളെയും കുഴക്കിയത്. ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയുള്ളതായി പോലിസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ പാലരുവി എക്‌സ്പ്രസ് കടന്നുപോവുന്നതിനിടെയാണ് സംഭവം. കോതനെല്ലൂര്‍ റെയില്‍വേ ക്രോസിന് സമീപം ട്രെയിന്‍ന്റെ വേഗത കുറഞ്ഞപ്പോള്‍ ഇയാള്‍ ട്രാക്കില്‍ കയറി കൈകാണിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു.

പിന്നാലെ ബോഗിക്കടിയില്‍ കയറിക്കിടന്നു. ഉടന്‍തന്നെ സമീപമുണ്ടായിരുന്ന നാട്ടുകാര്‍ യുവാവിനെ പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തിയ ശേഷമാണ് ഏറെ പണിപ്പെട്ട് ഇയാളെ ട്രെയിനിന്റെ അടിയില്‍നിന്ന് ഇയാളെ പുറത്തേക്കെത്തിക്കാനായത്. അരമണിക്കൂറോളം ഇയാള്‍ ട്രെയിന് അടിയില്‍ കിടന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. മാനസികാസ്വാസ്ഥ്യം കാണിച്ച യുവാവിനെ പോലിസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Tags:    

Similar News