ട്രെയിന്‍ യാത്രികയെ ആക്രമിച്ച സംഭവം: പ്രതിയുടെ രേഖാചിത്രം പോലിസ് പുറത്തുവിട്ടു
കോഴിക്കോട്: ഓടിക്കൊണ്ടിരിക്കെ ട്രെയിനില്‍ വച്ച് യാത്രക്കാരിയോട് അപമര്യാദയായി പെരുമാറുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയുടെ രേഖാചിത്രം പോലിസ് പുറത്തുവിട്ടു. കൊയിലാണ്ടി, തിക്കോടി സ്വദേശിയാണെന്നു സംശയിക്കപ്പെടുന്ന മധ്യവയസ്‌കന്റെ രേഖാചിത്രമാണ് പരാതിക്കാരി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് റെയില്‍വേ പോലിസ് പുറത്തുവിട്ടത്. ഇക്കഴിഞ്ഞ ജൂലൈ 14നാണ് കേസിനാസ്പദമായ സംഭവം. ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവില്‍ എറണാകുളത്ത് നിന്നു കോഴിക്കോട്ടേക്ക് യാത്ര ചെയ്യുകയായിരുന്ന പനമരം സ്വദേശിനിയെയാണ് ആക്രമിച്ചത്. ഡി 17 കോച്ചില്‍ യാത്ര ചെയ്യുന്നതിനിടെ ട്രെയിന്‍ തൃശൂരിലെത്തിയപ്പോള്‍ നിന്നു കയറിയ 50 വയസ്സ് പ്രായം തോന്നിക്കുന്നയാളാണ് ആക്രമിക്കാന്‍ ശ്രമിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. വെള്ള ഷര്‍ട്ടും നീല പാന്റും കൈയില്‍ ഒരു ബാഗും ധരിച്ചെത്തിയ തല നരച്ച വെളുത്ത് മെലിഞ്ഞയാള്‍ തൊട്ടടുത്ത സീറ്റിലായിരുന്നു യാത്ര ചെയ്തിരുന്നത്.
തിരൂര്‍ കഴിഞ്ഞ് ട്രെയിനില്‍ യാത്രക്കാര്‍ കുറഞ്ഞപ്പോള്‍ സംസാരിക്കുകയും മോശമായി പെരുമാറുകയും കയറിപ്പിടിക്കുകയും ചെയ്‌തെന്നും ബഹളം വച്ചപ്പോള്‍ കോച്ചിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനെത്തിയപ്പോള്‍ പുറത്തേക്ക് ചാടി രക്ഷപ്പെട്ടതായും പരാതിയില്‍ പറയുന്നു. ഈ സമയം ട്രെയിന്‍ മെല്ലെയാണ് നീങ്ങിയിരുന്നത്. മദ്യപിച്ചിരുന്ന ഇയാള്‍ ട്രെയിനില്‍ നിന്നു ചാടിയപ്പോള്‍ പാളത്തില്‍ വീണതായും പരാതക്കാരി വ്യക്തമാക്കിയിരുന്നു. തൃശൂര്‍ ജില്ലയിലാണ് ജോലി ചെയ്യുന്നതെന്നാണ് ഇയാള്‍ പറഞ്ഞിരുന്നതെന്നു പരാതിക്കാരി പോലിസിനോട് പറഞ്ഞു. സംഭവത്തില്‍ ഐപിസി 354, 509 വകുപ്പുകള്‍ പ്രകാരം കേസെടുത്ത പോലിസ് തിക്കോടി, കൊയിലാണ്ടി ഭാഗങ്ങളിലെ ആശുപത്രികളിലും മറ്റും പരിശോധിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് പരാതിക്കാരിയില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. ഇയാളെകുറിച്ച് വിവരം ലഭിക്കുന്നവര്‍ കോഴിക്കോട് റെയില്‍വേ പോലിസില്‍ വിവരം അറിയിക്കണമെന്ന് പോലിസ് അറിയിച്ചു.
attack on a passenger in Train : Police released a sketch of the accused