'എംഎല്‍എ നിങ്ങള്‍ക്കൊപ്പം' ആദ്യദിനം ലഭിച്ചത് 199 അപേക്ഷകള്‍; ശിവദത്ത് എത്തിയത് ചില്‍ഡ്രന്‍സ് പാര്‍ക്കിനായി
പരിപാടിക്ക് തുടക്കം കുറിച്ച കോട്ടൂര്‍ പഞ്ചായത്തില്‍ 117, നടുവണ്ണൂരില്‍ 82 വീതം അപേക്ഷകളാണ് ലഭിച്ചത്.
ബാലുശ്ശേരി: മണ്ഡലത്തിലെ ആളുകളുടെ പരാതികള്‍ക്ക് പരിഹാരം കാണുന്നതിനായി അഡ്വ. കെ എം സച്ചിന്‍ദേവ് എംഎല്‍എയുടെ നേതൃത്വത്തില്‍ നടക്കുന്ന 'എംഎല്‍എ നിങ്ങളോടൊപ്പം' പരിപാടിയില്‍ ആദ്യദിനം ലഭിച്ചത് 199 അപേക്ഷകള്‍. പരിപാടിക്ക് തുടക്കം കുറിച്ച കോട്ടൂര്‍ പഞ്ചായത്തില്‍ 117, നടുവണ്ണൂരില്‍ 82 വീതം അപേക്ഷകളാണ് ലഭിച്ചത്. കുട്ടികള്‍ക്ക് കളിക്കാനും ഒത്തുകൂടാനും ഒരു ചില്‍ഡ്രന്‍സ് പാര്‍ക്ക് വേണമെന്ന് ആവശ്യവുമായാണ് കോട്ടൂര്‍ പഞ്ചായത്തിലെ കൊച്ചുമിടുക്കന്‍ ശിവദത്ത് പരിപാടിയില്‍ എത്തിയത്. ഈ കാര്യം നടപ്പിലാക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കുമെന്ന് അപേക്ഷ വായിച്ചശേഷം ശിവദത്തിന് എംഎല്‍എ ഉറപ്പു നല്‍കി. കുടികിടപ്പ് കിട്ടിയ ഭൂമിക്ക് പട്ടയം ലഭിക്കാതിരുന്ന കൂട്ടാലിടമീത്തല്‍ മാധവിയേടത്തിക്കും പരിപാടി ആശ്വാസമായി. പട്ടയം ലഭിക്കാത്തതും ചികിത്സാ സഹായം ലഭ്യമാകാത്തതും റോഡില്ലാത്തതുമായ വിവിധ പരാതികള്‍ കോട്ടൂര്‍, നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ നടന്ന പരിപാടിയില്‍ എംഎല്‍എ യ്ക്ക് മുന്നിലെത്തി.
ഇക്കോ ടൂറിസത്തിന് പ്രാധാന്യമുള്ള ചെങ്ങോട്ടുമല വേയാപ്പാറയില്‍ ടൂറിസം കേന്ദ്രം, നാല് പഞ്ചായത്തുകളിലൂടെ കടന്നു പോവുന്ന വാകയാട് റോഡ് പൊതുമരാമത്ത് ഏറ്റെടുക്കല്‍, പുതിയപ്പുറം റോഡ് സംരക്ഷണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച അപേക്ഷകളും ലഭിച്ചു. പരാതികള്‍ക്ക് അടിയിന്തര പ്രാധാന്യം നല്‍കി പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് എംഎല്‍എ പറഞ്ഞു.
കോട്ടൂര്‍ പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് സുരേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം കെ വിലാസിനി, സെക്രട്ടറി രാജീവന്‍ സംസാരിച്ചു.
അയനിക്കാട് ഇക്കോ ടൂറിസം, നടുവണ്ണൂരില്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, കിഴക്കോട്ട് കടവ് പാലം നവീകരണം തുടങ്ങിയ പരാതികളാണ് നടുവണ്ണൂര്‍ പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ എംഎല്‍എക്ക് മുന്നില്‍ എത്തിയത്. കൂടാതെ ചികിത്സാ സഹായധന അപേക്ഷകളും സ്വീകരിച്ചു. നടുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ്് ടി പി ദാമോദരന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് നിഷ പുതിയോട്ടുംകണ്ടി, കെ കെ ഷൈമ, സി സുധീഷ്, ടി സി സുരേന്ദ്രന്‍ സംസാരിച്ചു.
നാളെ 11 മണി മുതല്‍ ഒരുമണി വരെ കൂരാച്ചുണ്ടിലും മൂന്ന് മണി മുതല്‍ അഞ്ച് മണി വരെ കായണ്ണയിലും എംഎല്‍എ പരാതികള്‍ സ്വീകരിക്കും.