കടന്നലുകളുടെ ആക്രമണത്തില്‍ 53 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
കൂടുതല്‍ പരിക്കേറ്റ 11 കുട്ടികളെ മലപ്പുറം താലൂക്കാശുപത്രിയിലേക്ക് മാറ്റി. ഇവരുടെ കഴുത്തിലും മുഖത്തും തലയിലുമെല്ലാമാണ് കുത്തേറ്റിട്ടുള്ളത്. രണ്ടുമൂന്നുപേര്‍ ഛര്‍ദിക്കുകയും ചെയ്തു.
പെരിന്തല്‍മണ്ണ: കടന്നലുകളുടെ ആക്രമണത്തില്‍ 53 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പാങ് വെസ്റ്റ് എഎല്‍പി സ്‌കൂളിലെ കുട്ടികള്‍ക്കാണ് കടന്നലിന്റെ കുത്തേറ്റത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. കുത്തേറ്റ് അസ്വസ്ഥതയുണ്ടായ കുട്ടികളെ ആദ്യം ചേണ്ടിയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. അവിടെനിന്ന് പലര്‍ക്കും പ്രാഥമികചികില്‍സ നല്‍കി വിയച്ചു. കൂടുതല്‍ പരിക്കേറ്റ 11 കുട്ടികളെ മലപ്പുറം താലൂക്കാശുപത്രിയിലേക്ക് മാറ്റി. ഇവരുടെ കഴുത്തിലും മുഖത്തും തലയിലുമെല്ലാമാണ് കുത്തേറ്റിട്ടുള്ളത്. രണ്ടുമൂന്നുപേര്‍ ഛര്‍ദിക്കുകയും ചെയ്തു.
ചില കുട്ടികളുടെ മുഖം നീരുവന്ന് വീര്‍ത്തിട്ടുണ്ട്. ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍, പ്രോജക്ട് ഓഫിസര്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍ എന്നിവര്‍ ആശുപത്രി സന്ദര്‍ശിച്ചു. കുട്ടികളെ 12 മണിക്കൂര്‍ നിരീക്ഷിച്ചതിന് ശേഷമേ അടുത്ത നടപടി സ്വീകരിക്കൂ എന്ന് ഡോക്ടര്‍ അറിയിച്ചു. ടിടി കുത്തിവയ്‌പ്പെടുക്കാത്തവര്‍ക്ക് ആശുപത്രിയില്‍നിന്ന് കുത്തിവയ്പ്പ് നല്‍കും. സ്‌കൂള്‍ ബസ്സുകളില്‍ കുട്ടികള്‍ വന്നിറങ്ങി ക്ലാസിലെത്തിയപ്പോഴാണ് കടന്നലുകളുടെ ആക്രമണമുണ്ടായത്. തൊട്ടപ്പുറത്തെ തൊടിയില്‍ നിന്നാവണം കടന്നലുകള്‍ കൂട്ടമായി വന്നതെന്ന് പിടിഎ പ്രസിഡന്റ് പി കെ മൂസ പറഞ്ഞു. പരിശോധനയില്‍ സ്‌കൂളിലെവിടെയും കടന്നല്‍ക്കൂടുകള്‍ കണ്ടിട്ടില്ലെന്ന് പ്രഥമാധ്യാപിക ടി എസ് ഷീജയും അറിയിച്ചു.