താനാളൂര്‍: താനാളൂര്‍ അരീക്കാട് പ്രദേശത്തെ അരീക്കാട് എസ്‌സി- എസ്ടി ശ്മശാനഭൂമി അന്യാധീനപ്പെട്ടതായി പരാതി ഉയര്‍ന്നു. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ഇതുസംബന്ധിച്ച് നിജസ്ഥിതി വിലയിരുത്തുന്നതിനായി മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, എസ്‌സി- എസ്ടി മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന കോ-ഓഡിനേറ്റര്‍ വിജയന്‍ ഏലംകുളം, മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണ സമിതി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി ബദറുദ്ദീന്‍ ബാവ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചു.
താനാളൂര്‍ അരീക്കാട് പ്രദേശത്തെ ചെറിയമുണ്ടം വില്ലേജിനോട് അതിര്‍ത്തി പങ്കിടുന്നതും അതിപുരാതനവും അനേകം ദേശക്കാര്‍ ഉപയോഗിക്കുന്നതുമായ അരീക്കാട് തലപ്പറമ്പ് അങ്ങാടിയുടെ തെക്ക് ഭാഗത്തുള്ള എസ്‌സി ശ്മശാനഭൂമിയാണ് കാലങ്ങളായി അന്യാധീനപ്പെട്ടുപോവുന്നത്. ശ്മശാനഭൂമിയുടെ അതിര്‍ത്തിയില്‍ താമസമാക്കിയ ചിലര്‍ തങ്ങളുടെ വീടുകളിലേക്ക് ശ്മശാനഭൂമിയില്‍ കൂടി റോഡായും ഇടവഴികളായും അവ കോണ്‍ക്രീറ്റ് ചെയ്തും വാഹനങ്ങള്‍ കൊണ്ടുപോവുകയും ചെയ്ത് യഥേഷ്ടം ഉപയോഗിക്കുകയാണ്.
ഖര- ജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന കേന്ദ്രമായും കൈവശംവച്ചുവരികയുമാണെന്നും സ്ഥലം സന്ദര്‍ശിച്ചതില്‍നിന്നും മനസ്സിലാക്കാന്‍ സാധിച്ചു. ശ്മശാനഭൂമി ഇനിയും എത്രയെന്ന് കൃത്യമായി ബന്ധപ്പെട്ട അധികാരികള്‍ അളന്നുതിട്ടപ്പെടുത്താത്ത പക്ഷം സ്ഥലം ഇനിയും അന്യാധീനപ്പെട്ടുപോവുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ആയതുകൊണ്ട് രേഖകള്‍ സഹിതം സ്ഥലം പരിശോധിച്ച് ശ്മശാനഭൂമി മുഴുവനായും അളന്നുതിട്ടപ്പെടുത്തി കൈയേറ്റം ഒഴിപ്പിച്ച് അതിരുകള്‍ മതില്‍കെട്ടി സംരക്ഷിക്കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടു.