തീരദേശം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന; സംഘത്തിലെ പ്രധാനി അറസ്റ്റില്‍
പറവണ്ണ സ്വേദശി പള്ളിപറമ്പില്‍ ഷെഫീഖിനെ (29) എംഡിഎംഎയുമായി തിരൂര്‍ പോലിസ് പിടികൂടി.
തിരൂര്‍: തീരപ്രദേശത്ത് ലഹരി ഉല്‍പ്പന്നങ്ങള്‍ എത്തിച്ച് വില്‍പ്പന നടത്തിവരുന്ന സംഘത്തിലെ പ്രധാനിയായ പറവണ്ണ സ്വേദശി പള്ളിപറമ്പില്‍ ഷെഫീഖിനെ (29) എംഡിഎംഎയുമായി തിരൂര്‍ പോലിസ് പിടികൂടി. തിങ്കളാഴ്ച രാത്രിയില്‍ പറവണ്ണയില്‍ വെച്ചാണ് 1.2 ഗ്രാം എംഡിഎംഎയുമായി ഇയാള്‍ പിടിയിലായത്.
തിരൂര്‍ എസ്‌ഐ ജലീല്‍ കറുത്തേടത്തും സംഘവും ആണ് പ്രതിയെ പിടികൂടിയത്. തീരപ്രദേശത്ത് കഞ്ചാവുള്‍പ്പെടെയുള്ള ലഹരി ഉല്പന്നങ്ങള്‍ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതിയെന്ന് പോലിസ് പറഞ്ഞു. സിവില്‍ പോലിസ് ഓഫിസര്‍മാരായ ഉണ്ണിക്കുട്ടന്‍, ഷെറിന്‍ ജോണ്‍, ധനേഷ്, അജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.പ്രതിയെ തിരൂര്‍ കോടതി റിമാന്‍ഡ് ചെയ്തു മഞ്ചേരി സബ് ജയിലിലേക്ക് അയച്ചു. തീരദേശങ്ങളില്‍ മയക്കുമരുന്ന് കടത്തും വില്‍പനയും ഉപയോഗവും നടത്തുന്നവരെ നിരീക്ഷിച്ച് കൂടുതല്‍ ശക്തമായ നടപടികള്‍ മയക്കുമരുന്ന് മാഫിയകള്‍ക്ക് എതിരെ വരും ദിവസങ്ങളിലും ഉണ്ടാകുമെന്ന് പോലിസ് അറിയിച്ചു.