റോഡ് പ്രവൃത്തിക്കു മുമ്പ് ജലവിതരണ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യം

Update: 2020-08-02 05:33 GMT

മലപ്പുറം: അരീക്കോട്-എരഞ്ഞിമാവ് മുതല്‍ മഞ്ചേരി, എടവണ്ണ പ്രധാന നിരത്തുകള്‍ നവീകരിക്കാന്‍ 186 കോടി അനുവദിച്ചത് ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായിക്കൊാണ്ടിരിക്കുന്നതിനാല്‍ റോഡ് ടാറിങ് തുടങ്ങുന്നതിനു ഇരു വശങ്ങളിലുമുള്ള ജല അതോറിറ്റിയുടെ പൈപ്പുകളും ടെലഫോണ്‍ കേബിളുകളും മാറ്റി സ്ഥാപിക്കണമെന്ന് അരീക്കോട് ജലസുരക്ഷാസമതി ചെയര്‍മാന്‍ കൃഷ്ണന്‍ എരഞ്ഞിക്കലും കണ്‍വീനര്‍ കെ എം സലിം പത്തനാപുരവും ആവശ്യപ്പെട്ടു

    അരീക്കോട് ജല അതോറിറ്റിക്കു കീഴില്‍ കീഴുപറമ്പ് പഞ്ചായത്തില്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്ന ശുദ്ധജല വിതരണ പൈപ്പുകള്‍ നിലവില്‍ എരഞ്ഞിമാവ് മുതല്‍ പത്തനാപുരം വരെയുള്ള ഭാഗത്ത് പ്രധാനറോഡിന്റെ വശങ്ങളിലൂടെയാണ് കടന്നുപോവുന്നത്. 2003ല്‍ പൈപ്പുകള്‍ സ്ഥാപിക്കുന്ന സമയത്ത് റോഡിന് വീതി കുറവായിരുന്നു. പിന്നീട് റോഡിന്റെ വീതി കൂട്ടിയതിനാല്‍ പൈപ്പുകള്‍ റോഡ് ടാര്‍ ചെയ്ത ഭാഗത്തിനകത്തായി. അതിനാല്‍ തന്നെ പഴയ സിമന്റ് പൈപ്പുകള്‍ മര്‍ദ്ദം താങ്ങാനാവാതെ പൊട്ടുന്ന അവസരങ്ങളിലെല്ലാം റോഡ് വെട്ടിപ്പൊളിച്ച് പൈപ്പ് നന്നാക്കേണ്ട അവസ്ഥയാണ്. പൈപ്പുകള്‍ പൊട്ടിയാല്‍ നന്നാക്കാന്‍ റോഡ് വെട്ടിപ്പൊളിക്കുന്നതിന് പിഡബ്ല്യുഡി ഓഫിസില്‍ നിന്ന് അനുവമതി ലഭിക്കാന്‍ ദിവസങ്ങള്‍ കഴിയുമെന്നതിനാല്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കാത്ത അവസ്ഥ നേരിടാറുണ്ട്. 186കോടി മുടക്കി റോഡ് ടാറിങ് കഴിഞ്ഞ ശേഷം വീണ്ടും വെട്ടിപ്പൊളിക്കുന്നത് റോഡില്‍ കുഴികള്‍ രൂപപ്പെടാന്‍ കാരണമാവുമെന്ന് സമിതി ഭാരവാഹികള്‍ വ്യക്തമാക്കി.

    ഈ ഭാഗങ്ങളിലെ റോഡ് നവീകരണ പ്രവൃത്തികള്‍ നടത്തുന്നതിനു മുമ്പായി ജല അതോറിറ്റിയുടെ ശുദ്ധജല വിതരണ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാത്ത പക്ഷം ദിനംപ്രതിയെന്നോണം തുടര്‍ന്നും റോഡ് വെട്ടിപ്പൊളിക്കേണ്ടി വരുമെന്നാണ് ജല അതോറിറ്റിയിലെയും പൊതുമരാമത്ത് വകുപ്പിലെയും ഉദ്യോഗസ്ഥരില്‍ നിന്നു ലഭിച്ച വിവരം. ആയതിനാല്‍ റോഡ് നവീകരണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനു മുമ്പായി നിലവില്‍ റോഡിലൂടെ കടന്നുപോവുന്ന ജലവിതരണ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാനാവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം പൈപ്പുകള്‍ക്ക് സമീപം സ്ഥാപിച്ച ടെലഫോണ്‍ കേബിളുകളും മാറ്റി സ്ഥാപിച്ചാല്‍ അരീക്കോട് ഭാഗങ്ങളിലെ സംസ്ഥാന പാത തകരാതിരിക്കുമെന്ന് സൂചിപ്പിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി സമര്‍പ്പിച്ചതായി അരീക്കോട് ജലസുരക്ഷാ സമിതി ഭാരവാഹികള്‍ അറിയിച്ചു. 

Tags:    

Similar News