തിരഞ്ഞെടുപ്പിന് മുന്‍പ് നാലുകോടിയുടെ റോഡ് പണി തുടങ്ങി; തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ നിലച്ചു; പണി പുനരാരംഭിക്കണമെന്ന് വട്ടപ്പാറ പ്രദേശവാസികള്‍

കാത്തിരിപ്പിനൊടുവില്‍ തുടങ്ങിയ റോഡ് നിര്‍മാണം പാതിവഴിയില്‍ മുടങ്ങിയതില്‍ പ്രതിഷേധത്തിലാണ് നാട്ടുകാര്‍

Update: 2021-06-29 14:40 GMT

സക്കരിയ്യ വട്ടപ്പാറ

ഓയൂര്‍: വെളിനല്ലൂര്‍ പഞ്ചായത്തിലെ അഞ്ഞൂറ്റിനാല്, മുളയറച്ചാല്‍ ഗ്രാമങ്ങളിലേക്ക് സഞ്ചാരയോഗ്യമായ റോഡില്ലാതെ നാട്ടുകാര്‍ ദുരിതത്തില്‍. കാലങ്ങളായി ഒറ്റപ്പെട്ടു കിടക്കുന്ന പ്രദേശത്തോട് തികഞ്ഞ അവഗണയാണ്. വട്ടപ്പാറയോട് ചേര്‍ന്ന് കിടക്കുന്ന ഈ പ്രദേശങ്ങളിലേയ്ക്ക് യാത്ര ചെയ്യാന്‍ സഞ്ചാരയോഗ്യമായ റോഡ് വേണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് നിരവധി പരാതികള്‍ നാട്ടുകാര്‍ നല്‍കിയിരുന്നു. നൂറ് കണക്കിന് പേര്‍ ഒപ്പിട്ട പരാതി പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് നല്‍കിയിട്ടുണ്ട്.

എന്നാല്‍ കാലാകാലങ്ങളില്‍ മാറി മാറി വരുന്ന ഭരണക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരാതികള്‍ നല്‍കുന്നതല്ലാതെ പരിഹാരമൊന്നും ഇവിടുത്ത് കാരെ തേടി എത്തിയിരുന്നില്ല.

കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ കാലത്തും ഇന്നാട്ടുകാരുടെ പരാതി കൊടുക്കല്‍ പരമ്പരയുടെ ഭാഗമായ് വട്ടപ്പാറ, മുളയിച്ചാല്‍, അഞ്ഞൂറ്റിനാല് പ്രദേശവാസികള്‍ സംയുക്തമായ റോഡ് നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ഒപ്പ് ശേഖരണം നടത്തി. അന്നത്തെ വട്ടപ്പാറ വാര്‍ഡ് മെമ്പര്‍ എസ് നൗഷാദിന്റെ നേതൃത്വത്തില്‍ മുല്ലക്കര രത്‌നാകരന്‍ എംഎല്‍എക്ക് ഇത് ഒരു നിവേദനമായി സമര്‍പ്പിച്ചു.



4.2 കിലോമീറ്റര്‍ റോഡിന് 4.കോടി 18 ലക്ഷം രൂപ

മുല്ലക്കര രത്‌നാകരന്‍ എംഎല്‍എയെ പ്രദേശത്ത് എത്തിച്ച് റോഡിന്റെ പ്രശ്‌നങ്ങളും ഗുരുതര യാത്രാക്ലേശവും ബോധിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കരിങ്ങന്നൂരിനടുത്തുള്ള പാലം ജങ്ഷന്‍ മുതല്‍ 504വഴി വട്ടപ്പാറയിലൂടെ മുളയറച്ചാല്‍ വരെ 4.2 കിലോ മീറ്റര്‍ ദൂരം റോഡ് പിഡബ്ലിയുഡിയെക്കൊണ്ട് ഏറ്റെടുപ്പിച്ചു. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നാല് കോടി പതിനെട്ട് ലക്ഷം രൂപ ബഡ്ജറ്റില്‍ വകയിരുത്തി ഭരണാനുമതി ലഭിക്കുകയും ചെയ്തു. ശേഷം ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കരാര്‍ എടുത്ത കമ്പനി റോഡ് നിര്‍മാണമാരംഭിച്ചു. റോഡ് നിര്‍മാണത്തിന്റെ പ്രാഥമിക പ്രവര്‍ത്തികള്‍ തുടങ്ങി. റോഡിന്റെ ഇരുവശങ്ങളിലെ പാറ കെട്ടല്‍, ഓട നിര്‍മ്മിക്കല്‍, കലുങ്ങ് കെട്ടല്‍ എന്നിവയാണ് നടന്നത്.

ഹൈക്കോടതി സ്‌റ്റേ

എന്നാല്‍, ഈ കാലയളവില്‍ പ്രദേശത്തെ ചിലര്‍ ആക്ഷന്‍ കൗണ്‍സില്‍ എന്ന രീതിയില്‍ സംഘടിച്ച് റോഡ് നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി വിവിധ വകുപ്പുകളില്‍ പരാതി നല്‍കി.

എന്നാല്‍ ആക്ഷന്‍ കൗണ്‍സിലിന്റെ പരാതികളെ മുഖവിലയ്‌ക്കെടുക്കാതെ കരാറുകാരന്‍ റോഡ് നിര്‍മാണം തുടര്‍ന്നു. ഇതിനിടെ ആക്ഷന്‍ കൗണ്‍സില്‍ ഹൈക്കോടതിയില്‍ നിന്ന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ സ്‌റ്റേ വാങ്ങി. ഇതേ തുടര്‍ന്ന് കരാറുകാരന്‍ നിര്‍മ്മാണം നിര്‍ത്തിവച്ചു.

കോടതി ഇടപെടിലൂടെ റോഡ് നിര്‍മാണം നിര്‍ത്തിവച്ച കോണ്‍ട്രാക്ടര്‍ ഉടന്‍ എഴുകോണ്‍ പിഡബ്ലിയുഡി അസി. എന്‍ജിനീയറുടെ അനുമതി സമ്പാദിച്ച് റോഡ് നിര്‍മാണത്തിന് ഇറക്കിയിരുന്ന പത്ത് ലക്ഷത്തോളം രൂപ വിലവരുന്ന നിര്‍മാണ സാമഗ്രികള്‍ തിരികെ കൊണ്ടുപോയി.

ഇതിന് ശേഷം എംഎല്‍എയുടെ നേതൃത്വത്തില്‍ പഞ്ചായത്തംഗങ്ങള്‍, ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ എന്നിവരെ പങ്കെടുപ്പിച്ച് വെളിനല്ലൂര്‍ പഞ്ചായത്ത് ഓഫിസില്‍ സര്‍വ്വകക്ഷി യോഗം നടത്തി. കേസുള്ളതിനാല്‍ റോഡ് നിര്‍മാണം മൂന്നോട്ട് പോകില്ലെന്ന് യോഗത്തെ ഭാരവാഹികള്‍ അറിയിച്ചു. സര്‍വ്വകക്ഷിയോഗത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളെ അനുനയിപ്പിച്ച്കേസ് പിന്‍വലിപ്പിച്ചു.

എന്നാല്‍ ആക്ഷന്‍ കൗണ്‍സില്‍ കൊടുത്ത കേസ് പിന്‍വലിച്ചതോടെ, കരാറുകാരന്‍ പാതി വഴിയില്‍ പണി ഉപേക്ഷിച്ച് പാര്‍ട്ട് ബില്ലും മാറി മുങ്ങി.



കരാറുകാരന്‍

എന്നാല്‍ കരാറുകാരനെ വിളിച്ച് അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്;

' ചെയ്ത പണിയുടെ ബില്ല് ഇതുവരെയും മാറിയിട്ടില്ല. അതിന്റെ കാരണം ആക്ഷന്‍ കൗണ്‍സിലിന്റെ ഭാഗത്ത് നിന്നുണ്ടായ വാസ്തവ വിരുദ്ധമായ കേസും കോടതിയെ തെറ്റിദ്ധരിപ്പിച്ച് സ്‌റ്റേ വാങ്ങിയതുമാണ്. അതിനാല്‍ കരാര്‍ കമ്പനിയ്ക്ക് ഭീമമായ നഷ്ടമുണ്ട്. അതുകൊണ്ട് കരാര്‍ കമ്പനി ഇനി തുടര്‍ന്ന് പണി ചെയ്യില്ല. നഷ്ടപരിഹാരത്തിന് ആക്ഷന്‍ കൗണ്‍സിലിനെതിരെ കോടതിയെ സമീപിക്കാന്‍ പോവുകയാണ്'.

 


ആക്ഷന്‍ കൗണ്‍സില്‍

സുഗമമായ് നടന്ന് വന്ന റോഡ് പണി അവതാളത്തിലാകുകയും കരാറുകാരന്‍ മടങ്ങിപ്പോകുകയും ചെയ്തതോടെ ഫണ്ട് നഷ്ടപ്പെട്ടാല്‍ നാട്ടുകാരുടെ എതിര്‍പ്പ് നേരിടേണ്ടി വരും എന്ന ഭയത്തിലാണ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍. മാത്രവുമല്ല ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളില്‍ ചിലര്‍ ജോലി തേടി വിദേശത്തേക്ക് പോകുകയും ചെയ്തു. പണി തുടര്‍ന്ന് നടക്കുകയാണെങ്കില്‍ ആക്ഷന്‍ കൗണ്‍സില്‍ എന്ന പേരില്‍ തടസ്സപ്പെടുത്താന്‍ ഇനി തങ്ങളില്ല എന്നാണ് അവരുടെ പക്ഷം.

എന്നാല്‍, കാലങ്ങളായ് കൊടുത്ത പരാതികളുടെ ഫലമായ് ലഭിച്ച ഫണ്ട് നഷ്ടപ്പെടാതെ റോഡ് പണി പുനരാരംഭിച്ച് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.

Tags:    

Similar News