ഇന്ത്യക്കാര്‍ക്ക് എല്ലാ സൗകര്യവും ഉറപ്പാക്കുമെന്ന് സൗദി ഇന്ത്യന്‍ എംബസിയുടെ ഉറപ്പ്
മലപ്പുറം: കൊവിഡ് വ്യാപനത്തിന്റെ അടിയന്തിര പശ്ചാത്തലത്തില്‍ മുഴുവന്‍ ഇന്ത്യക്കാരുടെയും സുരക്ഷയ്ക്കും കരുതലിനും വേണ്ട നടപടികള്‍ ഊര്‍ജിതമായി നടപ്പാക്കുമെന്ന് സൗദിയിലെ ഇന്ത്യന്‍ എംബസി ഉറപ്പ് നല്‍കിയതായി പി കെ കുഞ്ഞാലിക്കുട്ടി എംപി. സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഭക്ഷണം, താമസം, ചികില്‍സ എന്നിവ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് പി കെ കുഞ്ഞാലിക്കുട്ടി എംപി നല്‍കിയ കത്തിനാണ് രേഖാമൂലം മറുപടി നല്‍കിയത്. ഇന്ത്യക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാന്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ ആരംഭിച്ചിട്ടുണ്ടെന്നും എംബസി അറിയിച്ചു. ചികില്‍സ സംബന്ധിച്ചും മരണപ്പെട്ട ശേഷമുള്ള തുടര്‍ നടപടികള്‍, രാജ്യം വിടുന്നതിനുള്ള സഹായം എന്നിവയുമായി ബന്ധപ്പെട്ട് നിരവധി സഹായാഭ്യര്‍ത്ഥനകള്‍ ഹെല്‍പ് ലൈനില്‍ വഴി വരുന്നുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആവശ്യമായ എല്ലാ സഹായങ്ങളും എംബസി ഇന്ത്യന്‍ പൗരന്മാര്‍ക്ക് ചെയ്യുന്നുണ്ടെന്നും കത്തില്‍ വിശദമാക്കി.
കൗണ്‍സലിങ് ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനും നടപടി സ്വീകരിച്ച് വരുന്നുണ്ട്. ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ജോലിചെയ്യുന്ന എല്ലാ വലിയ കമ്പനികളുമായി ഇതിനോടകം ബന്ധപ്പെടുകയും ചികില്‍സയും ഭക്ഷണവും താമസവും ഐസൊലേഷനുള്‍പ്പടെ വേണ്ട സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചികില്‍സ കഴിഞ്ഞ് ആശുപത്രി വിടുന്ന ഇന്ത്യക്കാര്‍ക്ക് താമസ സൗകര്യമൊരുക്കാന്‍ ഹോട്ടല്‍ ശൃംഖലകളുമായി ബന്ധപ്പെട്ട് സൗകര്യമൊരുക്കും. വിദൂരസ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കടക്കം റേഷന്‍ ഉറപ്പാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. സൗദി ഭരണകൂടവുമായി ചേര്‍ന്ന് കൊവിഡ് പ്രതിരോധത്തിന് ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സംഘത്തെ തന്നെ രൂപീകരിച്ചിട്ടുണ്ട്. കൊവിഡ് രോഗത്തിന് സര്‍ക്കാര്‍, സ്വകാര്യ മേഖലയിലടക്കം സൗജന്യ ചികില്‍സയാണ് സൗദി ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഏപ്രില്‍ ഏഴുമുതല്‍ സൗദിയില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നിരുന്നാലും ഇന്ത്യന്‍ സമൂഹത്തിനുവേണ്ട എല്ലാ സഹായങ്ങള്‍ക്കും എംബസി സുസജ്ജമാണ്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് എന്തെങ്കിലും സഹായം വേണമെന്ന് അറിയിക്കുന്ന പക്ഷം അത് യഥാസമയം നല്‍കുന്നതിന് വേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്നും എംബസി അധികൃതര്‍ ഉറപ്പ് നല്‍കി.