ഉള്‍വനത്തില്‍ കഴിയുന്ന ചോലനായ്ക്കര്‍ക്ക് പ്രത്യേക വാക്‌സിനേഷന്‍ ക്യാംപ് നടത്തി
കരുളായി: ഉള്‍വനത്തില്‍ കഴിയുന്ന പ്രാക്തന ഗോത്രവിഭാഗമായ ചോലനായ്ക്കര്‍ക്ക് പ്രത്യേക കൊവിഡ് വാക്‌സിനേഷന്‍ ക്യാംപ് നടത്തി. വനത്തിനുള്ളില്‍ 25 കിലോമീറ്റര്‍ അകലെയായി കഴിയുന്ന മാഞ്ചീരി നിവാസികള്‍ക്കാണ് കരുളായി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. പി എ ചാച്ചിയുടെ നേതൃത്വത്തിലുള്ള ആരോഗ്യ സംഘം കൊവിഡ് വാക്‌സിന്‍ നല്‍കിയത്. പഞ്ചായത്തിലെ 734 പട്ടിക വര്‍ഗക്കാരില്‍ 503 പേര്‍ക്ക് ഇതിനകം വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. വരുംദിവസങ്ങളില്‍ കൂടുതല്‍ ആദിവാസികള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാനായി ക്യാംപുകള്‍ നടത്തും.
ഏഷ്യയിലെ തന്നെ അവശേഷിക്കുന്ന രണ്ടാമത്തെ പ്രാക്തന ഗോത്ര വര്‍ഗത്തില്‍പെടുന്ന ഗുഹാവാസികളാണ് കരുളായി ഉള്‍വനത്തിലെ വിവിധ അളകളിലായി കഴിയുന്ന ചോലനായ്ക്കര്‍. നാടുമായി അധികം സമ്പര്‍ക്കം പുലര്‍ത്താത്ത ഉള്‍വനത്തിലെ വിവിധ അളകളില്‍ കഴിയുന്ന ചോലനായ്ക്കരുടെ ആവാസ മേഖലകളില്‍ വൈറസ് കണ്ടെത്തിയിട്ടില്ല. എങ്കിലും കൊവിഡിനെ പ്രതിരോധിക്കാന്‍ എല്ലാവരെയും സജ്ജമാക്കുകയെന്ന സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് നടപടി. തിങ്കളാഴ്ച മാഞ്ചീരിയിലെത്തി 10 ചോലനായ്ക്കര്‍ക്ക് വാക്‌സിന്‍ നല്‍കി.ചോലനായ്ക്കരും കാട്ടുനായ്ക്കരും ഉള്‍പ്പെടെ പട്ടികവര്‍ഗ വിഭാഗക്കാര്‍ കൂടുതലുള്ള പഞ്ചായത്ത് കൂടിയായ കരുളായിയില്‍ പ്രായപൂര്‍ത്തിയായ 734 ആളുകളില്‍ 503 പേര്‍ക്ക് ഇതിനോടകം കൊവിഡ് വാക്‌സിന്‍ നല്‍കി. ഇതില്‍ മൂന്ന് പേര്‍ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്. നേരത്തേ നെടുങ്കയം ബദല്‍ സ്‌കൂളില്‍ നെടുങ്കയം, മുണ്ടക്കടവ്, വട്ടിക്കല്ല്, മാഞ്ചീരി എന്നിവിടങ്ങളിലുള്ളവര്‍ക്ക് പ്രത്യേക വാസ്‌കിനേഷന്‍ ക്യാംപ് സംഘടിപ്പിച്ചിരുന്നെങ്കിലും മാഞ്ചീരി പ്രദേശത്തുള്ളവര്‍ പങ്കെടുത്തിരുന്നില്ല.
മാവോവാദി ഭീഷണി കണക്കിലെടുത്ത് കനത്ത പോലിസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇബ്രാഹീം, ജെപിഎച്ച്എന്‍ മഞ്ജു, സ്റ്റാഫ് നഴ്‌സ് ബിന്‍സി, ഫാര്‍മസിസ്റ്റ് അഷ്‌റഫ്, ഡ്രൈവര്‍ സന്തോഷ് തുടങ്ങിയ ആരോഗ്യ പ്രവര്‍ത്തകരാണ് സംഘത്തിലുണ്ടായിരുന്നത്.
Special vaccination camp was conducted for the Cholnaykkar