താനൂര്‍ റെയില്‍വേ ഗേറ്റ് ഉടന്‍ തുറന്നുകൊടുക്കണം: മന്ത്രി വി അബ്ദുറഹിമാന്‍
മേല്‍പ്പാലം നിര്‍മാണത്തിന്റെ പൈലിങ് പ്രവൃത്തികള്‍ക്കായാണ് റെയില്‍വേ ഗേറ്റ് അടച്ചത്. എന്നാല്‍ പൈലിങ് പ്രവൃത്തി അവസാനിച്ചിട്ട് രണ്ടു മാസം പിന്നിട്ടിട്ടും ഗേറ്റ് തുറന്നുകൊടുക്കാന്‍ ഡിവിഷണല്‍ മാനേജര്‍ തയ്യാറായിട്ടില്ല.
താനൂര്‍: തെയ്യാല റോഡ് റെയില്‍വേ ഗേറ്റ് തുറക്കാതെ ജനങ്ങളെ പ്രയാസപ്പെടുത്തുന്ന നിലപാടില്‍ നിന്നും അധികൃതര്‍ പിന്മാറണമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ ആവശ്യപ്പെട്ടു. മേല്‍പ്പാലം നിര്‍മാണത്തിന്റെ പൈലിങ് പ്രവൃത്തികള്‍ക്കായാണ് റെയില്‍വേ ഗേറ്റ് അടച്ചത്. എന്നാല്‍ പൈലിങ് പ്രവൃത്തി അവസാനിച്ചിട്ട് രണ്ടു മാസം പിന്നിട്ടിട്ടും ഗേറ്റ് തുറന്നുകൊടുക്കാന്‍ ഡിവിഷണല്‍ മാനേജര്‍ തയ്യാറായിട്ടില്ല.
ജൂലൈ 14ന് സതേണ്‍ റെയില്‍വേ മാനേജരുമായി നടത്തിയ ചര്‍ച്ചയില്‍ ഗേറ്റ് തുറക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഡിവിഷണല്‍ മാനേജര്‍ നിഷേധാത്മക നിലപാട് സ്വീകരിക്കുകയായിരുന്നു. മേല്‍പ്പാലം നിര്‍മാണം ഏറ്റെടുത്ത ആര്‍ബിഡിസി 7.03കോടി രൂപ നല്‍കാന്‍ ഉള്ളത് കൊണ്ടാണ് ഗേറ്റ് തുറന്ന് കൊടുക്കാന്‍ വൈകുന്നതെന്ന ന്യായമാണ് ഡിവിഷണല്‍ മാനേജര്‍ പറയുന്നത്.
പണം നല്‍കുന്നതും, റെയില്‍വേ ഗേറ്റ് തുറക്കുന്നതുമായി ബന്ധമില്ലാതിരിക്കെ ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് ഡിവിഷണല്‍ മാനേജര്‍ സ്വീകരിക്കുന്നതെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. ഇതുകാരണം കിഴക്കന്‍ മേഖലയിലുള്ളവര്‍ കിലോമീറ്ററുകളോളം അധികം സഞ്ചരിച്ച് വേണം താനൂരിലെത്താന്‍. താനൂരിലെ വ്യാപാരികളും ഏറെ പ്രയാസത്തിലാണ്. ജനദ്രോഹ നടപടികളില്‍ നിന്നും റെയില്‍വേ അധികൃതര്‍ പിന്തിരിയണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.