പാലക്കാട് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചില്‍നിന്ന് ഐഎസ് അനുകൂല പോസ്റ്ററുകള്‍ ലഭിച്ചെന്ന വാര്‍ത്ത തെറ്റെന്ന് പോലിസ്

Update: 2021-09-16 01:31 GMT

പാലക്കാട്: സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചില്‍നിന്ന് ലഭിച്ചത് ഐഎസ് പോസ്റ്ററുകളല്ലെന്ന് ജില്ലാ പോലിസ് മേധാവി. ഐഎസ് വിരുദ്ധ പോസ്റ്ററുകളാണ് ഐഎസ് അനുകൂല പോസ്റ്റര്‍ എന്ന പേരില്‍ പ്രചരിപ്പിച്ചത്. ഐഎസ് മതനിഷിദ്ധമെന്നും മാനവ വിരുദ്ധമെന്നും എഴുതിയിട്ടുള്ള പോസ്റ്ററുകളാണ് കണ്ടെത്തിയതെന്ന് ജില്ലാ പോലിസ് മേധാവി ആര്‍ വിശ്വനാഥ് മാധ്യമങ്ങളോട് പറഞ്ഞു. കേസിലെ അന്വേഷണം ശരിയായ ദിശയിലാണെന്നും ജില്ലാ പോലിസ് മേധാവി ആര്‍ വിശ്വനാഥ് പറഞ്ഞു.

പാലക്കാട് മേട്ടുപാളയം സ്ട്രീറ്റില്‍ പ്രവര്‍ത്തിച്ച സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചില്‍നിന്ന് ഐസ്എസ് ലഘുലേഖകള്‍ ലഭിച്ചെന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു. വിസ്ഡം ഗ്രൂപ്പിന്റെ 2017ലെ ഐഎസ് വിരുദ്ധ കാംപയിന്റെ പോസ്റ്ററുകളാണ് ഐഎസ് അനുകൂല ലഘുലേഖ പിടിച്ചെടുത്തു എന്ന പേരില്‍ പ്രചരിപ്പിച്ചത്. ഐഎസ് പോസ്റ്ററുകള്‍ ലഭിച്ചു എന്നത് തെറ്റായ പ്രചാരണമാണെന്ന് ആര്‍ വിശ്വനാഥ് വിശദീകരിച്ചു. സമാന്തര എക്‌സ്‌ചേഞ്ച് കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കോഴിക്കോട്ടെ സമാന്തര എക്‌സ്‌ചേഞ്ച് കേസുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കുകയാണെന്നും ഒളിവിലുള്ള കോഴിക്കോട് സ്വദേശിക്കായി അന്വേഷണം നടക്കുകയാണെന്നും ജില്ലാ പോലിസ് മേധാവി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News