തിരുവനന്തപുരം: ആയുഷ് മിഷന്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മൂന്നാമത് ദേശീയ നാച്ചുറോപ്പതി ദിനാചരണം സംഘടിപ്പിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നാച്ചുറോപ്പതി ദിനത്തില്‍ സംഘടിപ്പിച്ച വെബിനാര്‍ ആരോഗ്യ-കുടുംബക്ഷേമ ആയുഷ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെ ഉദ്ഘാടനം ചെയ്തു. പ്രകൃതിജീവനം ജനങ്ങളിലെത്തിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്നും വരുന്ന ഒരുവര്‍ഷക്കാലത്തിനുള്ളില്‍ പ്രകൃതി ചികില്‍സയുടെ അടിസ്ഥാനതത്വങ്ങളില്‍ ഊന്നിനിന്നുകൊണ്ട് ജീവിതശൈലി രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ഡോ. രാജന്‍ ഖോബ്രഗടെ അഭിപ്രായപ്പെട്ടു.
ആരോഗ്യകരമായ ജീവിതത്തിന് ദിനചര്യയുടെയും ഋതുചര്യയുടെയും പ്രാധാന്യത്തെക്കുറിച്ച് വെബിനാറില്‍ അധ്യക്ഷത വഹിച്ച ആയുഷ് സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫ് സംസാരിച്ചു. ജീവിതശൈലീരോഗങ്ങളുടെ ബാഹുല്യം മാറിയ ജീവിതസാഹചര്യങ്ങള്‍ മൂലമാണെന്നും ജീവിതശൈലി ക്രമീകരണത്തിന് നാച്ചുറോപ്പതിയുടെ സിദ്ധാന്തങ്ങള്‍ അനുയോജ്യമാണെന്നും മുഖ്യപ്രഭാഷണം നടത്തിയ നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മിഷന്‍ ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.
ഈ വര്‍ഷത്തെ പ്രമേയമായ 'പ്രകൃതി ജീവനത്തിലൂടെ ജീവശക്തിയെ പോഷിപ്പിക്കുക' എന്ന വിഷയത്തെ ആസ്പദമാക്കി വര്‍ക്കല യോഗ & നേച്ചര്‍ ക്യൂര്‍ ആശുപത്രി മുന്‍ സീനിയര്‍ സ്‌പെഷ്യലിസ്റ്റ് ഡോ.ജയകുമാര്‍ നാച്ചുറോപതി ദിന പ്രഭാഷണം നടത്തി. ഹോമിയോ വകുപ്പ് ഡയറക്ടര്‍ ഡോ. എം എന്‍ വിജയാംബിക, ഭാരതീയ ചികില്‍സാ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ. എല്‍ സിന്ധു, ഭാരതീയ ചികില്‍സാ വകുപ്പ് ഡയറക്ടര്‍ ഡോ. കെ എസ് പ്രിയ, നാഷനല്‍ ആയുഷ് മിഷന്‍ തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ എസ് ഷൈജു എന്നിവര്‍ സംസാരിച്ചു.