തമ്പാനൂര്‍ പോലിസ് സ്റ്റേഷന്‍റെ പുതിയ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
ആധുനിക കാലഘട്ടത്തെ പോലിസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇണങ്ങുന്ന തരത്തിലുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ബഹുനില പോലിസ് സ്റ്റേഷന്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനം തുടങ്ങി. തമ്പാനൂര്‍ പോലിസ് സ്റ്റേഷനുവേണ്ടി നിര്‍മ്മിച്ച നാലുനില മന്ദിരമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നാടിന് സമര്‍പ്പിച്ചത്. ചടങ്ങില്‍ വി എസ് ശിവകുമാര്‍ എംഎല്‍എ, മേയര്‍ കെ ശ്രീകുമാര്‍, ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത, സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ, പോലിസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ, മറ്റ് ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷമാണ് പുതിയ കെട്ടിടം ഇന്ന് പ്രവര്‍ത്തനക്ഷമമായത്. ആധുനിക കാലഘട്ടത്തെ പോലിസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇണങ്ങുന്ന തരത്തിലുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യത്തിനുള്ള മുറികള്‍, തൊണ്ടിമുതലും ആയുധങ്ങളും സൂക്ഷിക്കാനുള്ള സൗകര്യം, സമ്മേളന മുറി, സിഡി ഫയല്‍ സ്റ്റോക്ക് റൂം, കുറ്റവാളികളെ ചോദ്യം ചെയ്യാനുള്ള മുറി എന്നിവ അവയില്‍ ചിലതാണ്. സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി കമ്പ്യൂട്ടര്‍, വൈ ഫൈ, ക്യാമറനിരീക്ഷണ സംവിധാനങ്ങളാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
രണ്ടരക്കോടി രൂപ ചെലവില്‍ ഹാബിറ്റാറ്റ് ആണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പരിസ്ഥിതിസൗഹൃദമാക്കി ചെലവു കുറഞ്ഞ രീതിയിലാണ് നിര്‍മ്മാണം. സ്റ്റേറ്റ് പോലിസ് കമാന്‍റോ ഇന്‍സ്പെക്ടര്‍ വി ജി അജിത് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം കമാന്‍റോ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുന്ന പ്രകടനം കാഴ്ചവച്ചു. തിരുവനന്തപുരം നഗരത്തിലെ ഗതാഗതപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി തയ്യാറാക്കിയ പത്ത് ചീറ്റാ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.