തലസ്ഥാനത്തെ ഗുണ്ടാ-മയക്കുമരുന്ന് മാഫിയയെ പൂട്ടാന്‍ ഓപ്പറേഷന്‍ ബോള്‍ട്ടു സിറ്റി പോലിസ്

നഗരത്തില്‍ മയക്കുമരുന്ന് കഞ്ചാവ് വ്യാപാരം നടത്തുന്നത് പൊതുജനങ്ങളുടെ ശ്രദ്ധയില്‍പെട്ടാല്‍ എമര്‍ജന്‍സി നമ്പരായ 9497975000 ല്‍ പൊതുജനങ്ങള്‍ക്കും അറിയിക്കാം

Update: 2019-03-15 14:37 GMT

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ വര്‍ധിച്ച് വന്ന ഗുണ്ടാ-മയക്കുമരുന്ന് മാഫിയയെ പൂട്ടാന്‍ ഓപ്പറേഷന്‍ ബോള്‍ട്ട് പദ്ധതിയുമായി തിരുവനന്തപുരം സിറ്റി പോലിസ്. ഗുണ്ടാ മാഫിയയുടേയും മയക്കുമരുന്ന് മാഫിയയുടേയും സ്വാധീനം ശക്തമായ സാഹചര്യത്തില്‍ അടിയന്തരമായി ഇതിനെതിരേ നടപടി സ്വീകരിക്കാന്‍ സൗത്ത് സോണ്‍ എഡിജിപി മനോജ് എബ്രഹാമിന്റെ നിര്‍ദേശപ്രകാരം സിറ്റി പോലിസ് കമ്മീഷണര്‍ കെ സഞ്ജയ്കുമാര്‍ ഗുരുദ്ദിന്‍ ആണ് പദ്ധതി ആവിഷ്‌കരിച്ചത്.

പദ്ധതി പ്രകാരം നഗരത്തിലെ മുഴുവന്‍ സാമൂഹികവിരുദ്ധരേയും ഇല്ലായ്മ ചെയ്ത് നഗരവാസികളുടെ സുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയിലെ ആദ്യ പരിഗണന. അതിനായി നഗരത്തില്‍ കൂടുതല്‍ സാമൂഹികവിരുദ്ധപ്രവര്‍ത്തനം നടത്തി വരുന്ന 210 പേരുടെ വിവരങ്ങള്‍ ശേഖരിച്ചതായി സിറ്റി പോലിസ് കമ്മീഷണര്‍ അറിയിച്ചു. ഇതിന്റെ തുടര്‍ച്ചയായി നഗരത്തില്‍ പരിശോധന നടത്തുകയും കൂടുതല്‍ പ്രശ്‌നക്കാരെ കസ്റ്റഡിയില്‍ എടുക്കാനുള്ള നടപടിയും സ്വീകരിക്കും. കൂടാതെ ഇത്തരക്കാരുടെ പ്രവര്‍ത്തനം നിരന്തരം നിരീക്ഷിക്കാനും സിറ്റി പോലിസ് തീരുമാനിച്ചു. സ്ഥിരം കുറ്റവാളികളുടെ പഴയ കേസുകളുടെ വിശദാംശങ്ങളും പരിശോധിച്ച് സ്ഥിരം കുറ്റവാളികള്‍ക്കെതിരെ കാപ്പ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തും. സ്ഥിരം പ്രശ്‌നബാധിത പ്രദേശങ്ങളും ചേരി പ്രദേശങ്ങളിലും പോലിസ് നിരിക്ഷണം കര്‍ശനമാക്കാനും രാത്രികാലങ്ങളില്‍ പോലിസ് പട്രോളിങ് കൂടുതല്‍ ശക്തമാക്കാനും തീരുമാനിച്ചു.

തലസ്ഥാനത്ത് വര്‍ധിക്കുന്ന മയക്കുമരുന്ന്, കഞ്ചാവ് മാഫിയക്കെതിരെ ശക്തമായി നടപടി സ്വീകരിക്കാനും ഓപ്പറേഷന്‍ ബോള്‍ട്ട് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലേക്ക് ഏതൊക്കെ വഴിയാണ് ഡ്രഗ്‌സ് വരുന്നതെന്ന് കണ്ടുപിടിക്കാന്‍ മുഴുവന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിരീക്ഷണവും പരിശോധനയും ശക്തമാക്കാന്‍ തീരുമാനിച്ചു. അന്തര്‍ സംസ്ഥാന ബസ്സുകള്‍, ട്രെയിനുകള്‍ എന്നിവയേയും പ്രത്യേകം നിരീക്ഷിക്കും. ജില്ലയിലെ എല്ലാ പോലിസ് സ്‌റ്റേഷനുകളിലും രജിസ്റ്റര്‍ ചെയ്യുന്ന ഡ്രഗ്‌സ് കേസുകളെക്കുറിച്ച് സിറ്റി പോലിസ് കമ്മീഷണര്‍ തന്നെ പ്രത്യേകം നിരീക്ഷിക്കും. നിലവില്‍ സിറ്റി പോലിസിന് കീഴില്‍ 150ഓളം ഡ്രഗ്‌സ് വില്‍പ്പനക്കാര്‍ ഉണ്ടെന്നാണ് പോലിസിന് ലഭിച്ച സൂചന. ഇവരില്‍ നിന്നുള്ള വ്യാപാരം തടയാനും ഇവരെ കസ്റ്റഡിയില്‍ എടുക്കുന്നതിനുമായി പ്രത്യേക സംഘത്തെ ഏര്‍പ്പെടുത്താനും തീരുമാനിച്ചു. ആവശ്യമെങ്കില്‍ ഇവരെ കരുതല്‍ തടങ്കലില്‍ വയ്ക്കും. നഗരത്തില്‍ മയക്കുമരുന്ന് കഞ്ചാവ് വ്യാപാരം നടത്തുന്നത് പൊതുജനങ്ങളുടെ ശ്രദ്ധയില്‍പെട്ടാല്‍ (സിറ്റിസണ്‍ പോലിസ് വിജില്‍) സിപി വിജില്‍ എന്ന എമര്‍ജന്‍സി നമ്പരായ 9497975000 പൊതുജനങ്ങള്‍ക്കും അറിയിക്കാമെന്നും ഇത് കമ്മീഷണര്‍ തന്നെ നേരിട്ട് മോണിറ്റര്‍ ചെയ്യുമെന്നും സിറ്റി പോലിസ് കമ്മീഷണര്‍ അറിയിച്ചു.

സിറ്റിയില്‍ നടത്തുന്ന പരിശോധനയുടെ ഭാഗമായി ജില്ലയിലെ റൂറല്‍ പോലിസ് സ്‌റ്റേഷന്റെ പരിധിയിലും ഓപ്പറേഷന്‍ ബോള്‍ട്ടിന്റെ ഭാഗമായുള്ള പരിശോധനകള്‍ ശക്തമാക്കുമെന്ന് സൗത്ത് സോണ്‍ എഡിജിപി മനോജ് എബ്രഹാം അറിയിച്ചു.





Tags:    

Similar News