യുവഡോക്ടര്‍ മരിച്ച സംഭവം; ഡോ. റുവൈസിനെ സസ്‌പെന്‍ഡ് ചെയ്തു; കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ ബിരുദം റദ്ദാക്കും

Update: 2023-12-07 08:34 GMT

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ പി ജി വിദ്യാര്‍ത്ഥിനി ഡോ. ഷഹാന ജീവനൊടുക്കിയ സംഭവത്തില്‍ പോലിസ് കസ്റ്റഡിയിലെടുത്ത സുഹൃത്ത് ഡോ. റുവൈസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യാ പ്രേരണാ കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തിയാണ് റുവൈസിനെതിരെ കേസെടുത്തിരിക്കുന്നത്. ഇതിനിടെ ഡോക്ടര്‍ റുവൈസിനെ ആരോഗ്യവകുപ്പ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സ്ത്രീധന വിഷയത്തില്‍ കൃത്യമായ നിലപാടുണ്ടെന്നും കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ റുവൈസിന്റെ ബിരുദം റദ്ദാക്കുമെന്നും ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു.

ഗൗരവതരമായ വിഷയമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ റുവൈസിനെ സസ്പെന്‍ഡ് ചെയ്തത്.

ഷഹന ജീവനൊടുക്കിയതിന് പിന്നാലെ റുവൈസിനെ സംസ്ഥാന ഭാരവാഹിത്വത്തില്‍ നിന്ന് പി ജി ഡോക്ടര്‍മാരുടെ സംഘടനയായ കെഎംപിജിഎ നീക്കിയിരുന്നു. അന്വേഷണത്തില്‍ സുതാര്യത ഉറപ്പു വരുത്താനാണ് അന്വേഷണം അവസാനിക്കുന്നതുവരെ സ്ഥാനത്തുനിന്നു നീക്കുന്നതെന്നാണ് സംഘടന അറിയിച്ചത്. ഷഹനയുടെ മരണത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു.

സ്ത്രീധനത്തിന്റെ പേരില്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നും സുഹൃത്തായ ഡോക്ടര്‍ പിന്മാറിയതാണ് ഷഹനയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആക്ഷേപം. വന്‍ തുക സ്ത്രീധനമായി ആവശ്യപ്പെട്ടതാണ് മരണ കാരണമെന്നാണ് മെഡിക്കല്‍ കോളേജ് പോലിസിനോടും വനിതാ കമ്മീഷന്‍ അധ്യക്ഷയോടും ബന്ധുക്കള്‍ അറിയിച്ചു.

സ്ത്രീധനമായി 150 പവനും 15 ഏക്കര്‍ ഭൂമിയും ബിഎംഡബ്ല്യൂ കാറും വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍, അഞ്ചേക്കര്‍ ഭൂമിയും ഒരു കാറും നല്‍കാമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അതുപോര കാര്‍ ബിഎംഡബ്യൂ തന്നെ വേണമെന്നും ഒപ്പം സ്വര്‍ണവും വേണമെന്ന ആവശ്യത്തില്‍ യുവാവിന്റെ വീട്ടുകാര്‍ ഉറച്ചുനിന്നു. പക്ഷേ, ആവശ്യപ്പെട്ട അത്രയും സ്ത്രീധനം നല്‍കാന്‍ ഷഹനയുടെ വീട്ടുകാര്‍ക്കായില്ല. ഇതോടെ യുവാവും ബന്ധുക്കളും വിവാഹത്തില്‍നിന്ന് പിന്മാറിയെന്നും ഇത് ഷഹനയെ മാനസികമായി തളര്‍ത്തിയെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം പി ജി വിദ്യാര്‍ഥിനിയായ ഷഹ്നയെ തിങ്കളാഴ്ച രാത്രിയാണ് മെഡിക്കല്‍ കോളേജിനടുത്ത് താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹന എത്താതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ച് ഫ്‌ളാറ്റിലെത്തിയപ്പോഴാണ് അബോധാവസ്ഥയില്‍ കിടക്കുന്ന ഷഹനയെ കണ്ടെത്തിയത്. എല്ലാവര്‍ക്കും പണം മതിയെന്നും ആരെയും ബുദ്ധിമുട്ടിക്കാനില്ലെന്നുമാണ് ആത്മഹത്യ കുറിപ്പില്‍ രേഖപ്പെടുത്തിയത്.







Tags:    

Similar News