കോവളത്ത് അജ്ഞാത ഡ്രോണ്‍; സുരക്ഷാ വിഭാഗങ്ങള്‍ അതീവ ജാഗ്രതയില്‍

പോലിസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു

Update: 2019-03-22 09:45 GMT

തിരുവനന്തപുരം: കോവളത്ത് അജ്ഞാത ഡ്രോണ്‍ കണ്ട സംഭവത്തില്‍ പോലിസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു. പട്രോളിങിനെത്തിയ പോലിസാണ് ഇന്നു പുലര്‍ച്ചെ ഒരുമണിയോടെ കോവളം സമുദ്രതീരത്തിന് സമീപം സ്വകാര്യ ഹോട്ടലിന് മുന്നില്‍ ഡ്രോണ്‍ കണ്ടത്. പോലിസ് നിരീക്ഷിച്ചെങ്കിലും പിന്നീട് ഡ്രോണ്‍ കാണാതായി. ബീച്ചിലോ പരിസരത്തോ ആരെങ്കിലും ഓപ്പറേറ്റ് ചെയ്യുന്നതാകുമെന്ന് കരുതി പോലിസ് തിരഞ്ഞെങ്കിലും ആരെയും കണ്ടെത്താനായില്ല.

ബീച്ചില്‍ നിന്ന് തീരം കേന്ദ്രീകരിച്ച് ഡ്രോണ്‍ വടക്കുഭാഗത്തേക്ക് നീങ്ങിയതോടെ പോലിസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് എയര്‍ പോര്‍ട്ടിലേക്ക് അലര്‍ട്ട് സന്ദേശം നല്‍കി. തുടര്‍ന്ന് രണ്ടുമണിക്കൂറിന്‌ശേഷം പുലര്‍ച്ചെ 2.55 ഓടെ തുമ്പയിലെ വിഎസ്എസ്‌സിയുടെ മെയിന്‍ സ്റ്റേഷന് മുകള്‍ ഭാഗത്തായി ഡ്രോണ്‍ പറക്കുന്നത് സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് ജീവനക്കാര്‍ കണ്ടു. സാധാരണ ഉപയോഗിക്കുന്നതിനേക്കാള്‍ വലിപ്പമുള്ള ഡ്രോണായതിനാലാണ് സംശയം ബലപ്പെട്ടത്. കാമറ പറത്തിയവരെ കണ്ടെത്താന്‍ സിറ്റി പോലിസ് കമ്മിഷണറുടെ നേതൃത്വത്തില്‍ സിറ്റി പോലിസും രംഗത്തെത്തി.

വിഎസ്എസ്‌സിയിലെ സിഐഎസ്എഫ് ജീവനക്കാര്‍ അറിയിച്ചതനുസരിച്ച് തുമ്പ പോലിസും കേന്ദ്രഏജന്‍സികളും രാത്രിയില്‍ വിഎസ്എസ്‌സിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടതായ സന്ദേശത്തെ തുടര്‍ന്ന് ആക്കുളത്തെ എയര്‍ഫോഴ്‌സ് ഓഫീസ്, വിമാനത്താവളം, പാങ്ങോട് മിലിട്ടറി ക്യാംപ് എന്നിവിടങ്ങളിലെല്ലാം സുരക്ഷാ വിഭാഗങ്ങള്‍ അതീവ ജാഗ്രതയിലാണ്. 

Tags:    

Similar News