ശതാബ്ദി പിന്നിട്ട കുഴൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിന് ഹയര്‍ സെക്കന്ററി അനുവദിക്കണമെന്ന ആവശ്യം വീണ്ടും ശക്തം
ഹയര്‍ സെക്കന്ററി ആരംഭിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളും വിദ്യാലയത്തിലുണ്ട്. അത്യാവശ്യത്തിന് ക്ലാസ് മുറികളും ലാബിനാവശ്യമായ സൗകര്യങ്ങളും ശുചിമുറികളും മറ്റും വിദ്യാലയത്തിലുണ്ട്. കൂടാതെ പുതിയ ലാബുകള്‍ക്കായി മുറികള്‍ പണിയാനുള്ള ഫണ്ടും പുതിയ കെട്ടിട സമുച്ചയം പണിയാനുള്ള രണ്ട് കോടി രൂപ ഇക്കഴിഞ്ഞ ബഡ്ജറ്റി
മാള: ശതാബ്ദി പിന്നിട്ട കുഴൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിന് ഹയര്‍ സെക്കന്ററി അനുവദിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. കുഴൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ സിരാകേന്ദ്രമായ പാറപ്പുറത്ത് പ്രവര്‍ത്തിക്കുന്ന വിദ്യാലയത്തിലേക്ക് ഗ്രാമപ്പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും എളുപ്പത്തില്‍ എത്താനുള്ള സൗകര്യങ്ങളുണ്ട്. ഗ്രാമപ്പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള ബസ്സുകളില്‍ 95 ശതമാനവും കടന്നു പോകുന്നത് സ്‌കൂളിന് മുന്നിലൂടെയുള്ള കൊടുങ്ങല്ലൂര്‍പൊയ്യപൂപ്പത്തി എരവത്തൂര്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡിലൂടെയാണ്. ഹയര്‍ സെക്കന്ററി ആരംഭിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളും വിദ്യാലയത്തിലുണ്ട്. അത്യാവശ്യത്തിന് ക്ലാസ് മുറികളും ലാബിനാവശ്യമായ സൗകര്യങ്ങളും ശുചിമുറികളും മറ്റും വിദ്യാലയത്തിലുണ്ട്. കൂടാതെ പുതിയ ലാബുകള്‍ക്കായി മുറികള്‍ പണിയാനുള്ള ഫണ്ടും പുതിയ കെട്ടിട സമുച്ചയം പണിയാനുള്ള രണ്ട് കോടി രൂപ ഇക്കഴിഞ്ഞ ബഡ്ജറ്റില്‍ അനുവദിച്ചിട്ടുമുണ്ട്.
അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പുറമേ നല്ല രീതിയിലുള്ള പഠന നിലവാരവും പുലര്‍ത്തി വരുന്ന വിദ്യാലയമാണിത്. പരിസ്ഥിതി സൗഹൃദപരമായതും ഔഷധ സസ്യങ്ങളാലും നിറഞ്ഞതാണ് സ്‌കൂള്‍ കോംപൗണ്ട്. ഇവിടെ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് യാഥാര്‍ത്ഥ്യമായ ജൈവ വൈവിധ്യ പാര്‍ക്ക് ഇപ്പോഴാണ് സര്‍ക്കാര്‍ സംസ്ഥാനത്താകെ നടപ്പാക്കണമെന്ന് രണ്ട് വര്‍ഷം മുന്‍പ് പറഞ്ഞിരുന്നത്. പതിറ്റാണ്ടിലേറെയായി സ്‌കൂള്‍ പി ടി എയും നാട്ടുകാരും നിരന്തരമായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നതാണ് സ്‌കൂളിന് ഹയര്‍ സെക്കന്ററി അനുവദിക്കണമെന്ന ആവശ്യം. തുടര്‍ച്ചയായി എസ്എസ്എല്‍സി ബാച്ചുകള്‍ നൂറ് ശതമാനവും മികച്ചതുമായ വിജയം കൈവരിച്ചുകൊണ്ടിരിക്കുന്ന സ്‌കൂളിന് ഹയര്‍ സെക്കന്ററി അനുവദിക്കാമെന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ടി എന്‍ പ്രതാപന്‍ എംഎല്‍എ സ്‌കൂളിലെ ചടങ്ങില്‍ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അക്കാര്യത്തില്‍ യാതൊരു നീക്കവും അദ്ദേഹം നടത്തിയില്ല. സ്വകാര്യ വിദ്യാലയങ്ങളോട് കൂടുതല്‍ പ്രതിപത്തി കാട്ടിയിരുന്ന ടി എന്‍ പ്രതാപന്‍ കുഴൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളടക്കമുള്ളവയോട് ചിറ്റമ്മ നയമായിരുന്നു പുലര്‍ത്തിയിരുന്നത്.
25 വര്‍ഷത്തോളം മുന്‍പ് കുഴൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിന് അനുവദിക്കപ്പെട്ട ഹയര്‍ സെക്കന്ററിയാണ് ഐരാണിക്കുളം ഗവണ്‍മെന്റ് ഹൈസ്‌കൂളിലേക്ക് പോയത്. 2500 കുട്ടികള്‍ വരെയുണ്ടായിരുന്ന കുഴൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഹയര്‍ സെക്കന്ററി കൂടി ആരംഭിക്കാനാവശ്യമായത്ര അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമായിരുന്നു കാരണം. എന്നാല്‍ അണ്‍ എയ്ഡഡ് വിദ്യാലയങ്ങളുടെ തള്ളിക്കയറ്റം മൂലം സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം ഓരോ വര്‍ഷവും കുറഞ്ഞു വന്നു. വര്‍ഷങ്ങളായി വളരെ കുറച്ച് വിദ്യാര്‍ത്ഥികളാണ് സ്‌കൂളിലുള്ളത്. അഡ്മിഷന്‍ വര്‍ദ്ധിപ്പിക്കാനുള്ള അദ്ധ്യാപകരുടേയും പി ടി എ യുടേയും നിരന്തര ശ്രമങ്ങള്‍ മൂലം ഏതാനും വര്‍ഷങ്ങളായി അഡ്മിഷന്‍ കൂടി വരുന്നുണ്ട്. കഴിഞ്ഞ വര്‍ഷമുണ്ടായിരുന്ന പ്രധാനാദ്ധ്യാപികതുടെ ശ്രമഫലമായി എല്‍ കെ ജി മുതല്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ക്ക് തുടക്കം കുറിച്ചതും കുട്ടികള്‍ കൂടാന്‍ കാരണമായി. വിദ്യാലയത്തിലേക്ക് കുട്ടികളെ എത്തിക്കാനായി അദ്ധ്യാപകരും പി ടി എയും നാട്ടിലിറങ്ങുമ്പോള്‍ ഹയര്‍ സെക്കന്ററിയുടേയും വാഹനത്തിന്റേയും കുറവാണ് രക്ഷിതാക്കള്‍ ചൂണ്ടി കാട്ടുന്നത്. ആ അവസരം മുതലെടുത്ത് സ്വകാര്യ വിദ്യാലയങ്ങള്‍ പ്ലസ് വണ്ണിന് അഡ്മിഷന്‍ തരാമെന്ന് വാഗ്ദാനം നല്‍കിയാണ് അഞ്ചാം ക്ലാസ്സിലേക്കും ഏഴാം ക്ലാസ്സിലേക്കും ഒന്നാം ക്ലാസ്സിലേക്കും വരെ കുട്ടികളെ കാന്‍വാസ് ചെയ്യുന്നത്. സാധാരണക്കാരായവരുടെ അക്കാര്യത്തിലുള്ള അഞ്ജത മുതലെടുത്താണ് സ്വകാര്യ വിദ്യാലയങ്ങള്‍ കുട്ടികളെ പിടിക്കുന്നത്.
കുഴൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ കുട്ടികളെ എത്തിക്കാനായി ആവശ്യമായ വാഹനങ്ങള്‍ 2015 മുതല്‍ ഓടുന്നുണ്ട്. ഹയര്‍ സെക്കന്ററി കൂടി വന്നാല്‍ പഴയ അവസ്ഥയിലേക്ക് സ്‌കൂളിനെ എത്തിക്കാമെന്നാണ് ഏവരുടേയും പ്രതീക്ഷ. ഐരാണിക്കുളം സ്‌കൂളില്‍ ഹയര്‍ സെക്കന്ററിക്ക് മുന്നൂറോളം കുട്ടികളാണ് ഓരോ വര്‍ഷവും എത്തുന്നത് യാത്രാ സൗകര്യക്കുറവായതാണ് ഇവിടെ കുട്ടികള്‍ കുറയാന്‍ പ്രധാന കാരണം. കുഴൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഹയര്‍ സെക്കന്ററി അനുവദിക്കുകയാണെങ്കില്‍ അതിന്റെ ഇരട്ടിയോ രണ്ടിരട്ടിയോ അതിലധികം വരെയോ കുട്ടികളുണ്ടാകും. യാത്രാ സൗകര്യം ആവശ്യത്തിന് ഇല്ലാത്ത കാരണത്താല്‍ പത്താം ക്ലാസ് കഴിഞ്ഞ് പഠനം തുടരാത്തവര്‍ക്കും ഏറെ ആശ്യാസമാകും. മുന്‍പ് പി ടി എ നല്‍കിയിരുന്ന നിവേദനങ്ങളുടെ ഫലമായി 201718 അധ്യയന വര്‍ഷത്തില്‍ ജില്ലാ വിദ്യഭ്യാസ ഓഫീസില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ വന്നിരുന്നു. അവക്ക് കൃത്യമായി ഉത്തരങ്ങള്‍ നല്‍കുകയുമുണ്ടായി. പിന്നീട് യാതൊരു നീക്കവും അക്കാര്യത്തില്‍ ഉണ്ടായിരുന്നില്ല. ഇവിടെ ഹയര്‍ സെക്കന്ററി വന്നാല്‍ ക്ഷീണം സംഭവിച്ചേക്കാവുന്ന എയ്ഡഡ്അണ്‍എയ്ഡഡ് വിദ്യാലയങ്ങളുടെ കളികള്‍ മൂലമാണ് നടപടികള്‍ മുന്നോട്ട് പോകാതിരുന്നതെന്നാണ് പൊതുവേ സംശയിക്കപ്പെടുന്നത്.
അത്തരം വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട ചിലര്‍ ഏതാനും വര്‍ഷങ്ങളായി സ്‌കൂളുമായി ബന്ധപ്പെട്ട ചടങ്ങുകളിലും മറ്റും എത്താറുണ്ട്. കപട സ്‌നേഹത്തോടെ എത്തുന്ന ഇത്തരക്കാരെ സ്വീകരിക്കുന്നതിന് സ്‌കൂളിലെ ചില അധ്യാപകര്‍ക്ക് വലിയ താല്‍പ്പര്യമാണ്. ഏതാനും വര്‍ഷങ്ങളായി ഇവിടെ കുട്ടികളുടെ എണ്ണം കൂടി വരുന്നുണ്ട്. ഇംഗ്ലീഷ് മീഡിയം കൂടുതല്‍ ക്ലാസ്സുകളിലേക്ക് വ്യാപിപ്പിച്ചതോടെ അതിന്റെ വ്യാപ്തി കൂടുന്നുമുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം എം എല്‍ എ ആയി വരുന്നയാളും സര്‍ക്കാരും ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് ശക്തമായി ഉയരുന്ന ആവശ്യം.