കുതിരാന്‍ തുരങ്കപാത: പ്രതിഷേധം ശക്തമാവുന്നു
2009ല്‍ നാഷനല്‍ ഹൈവേ അതോറിട്ടിയുമായി കരാര്‍ വച്ച് പണി തുടങ്ങിയ കാരാറുകാര്‍ രണ്ടര വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കേണ്ടതാണ്.
മാള (തൃശ്ശൂര്‍): കുതിരാന്‍ തുരങ്കപാത നിര്‍മ്മാണം പൂര്‍ത്തീകരിക്കാതെ കരാര്‍ ലംഘനം നടത്തിയ കമ്പനിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. 2009ല്‍ നാഷനല്‍ ഹൈവേ അതോറിട്ടിയുമായി കരാര്‍ വച്ച് പണി തുടങ്ങിയ കാരാറുകാര്‍ രണ്ടര വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കേണ്ടതാണ്.
പത്ത് വര്‍ഷം കഴിഞ്ഞിട്ടും റോഡു പണിയും തുരങ്ക പാത യുടെ പണിയും പൂര്‍ത്തീകരിച്ചിട്ടില്ല. ജനങ്ങളുടെ അവകാശങ്ങളും യാത്ര സൗകര്യവും നിഷേധിക്കുന്ന കെഎംസി പോലുള്ള റോഡ് കോണ്‍ട്രാക്ട് കമ്പനിക്കാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രതിഷേധ യോഗം ആവശ്യപ്പെട്ടു. കൃത്യസമയത്ത് പണി പൂര്‍ത്തികരിക്കാത്ത കമ്പനിക്ക് കൂട്ട് നില്‍ക്കുന്ന ഡിപാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ക്രിമിനല്‍ ചട്ടപ്രകാരം നടപടി സ്വീകരിക്കേണ്ടതാണ്. സെന്‍ട്രല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം (സിഎച്ച്ആര്‍എഫ്), ബോധ ചാരിറ്റബള്‍ ട്രസ്റ്റ് എന്നിവയുടെ
ആഭിമുഖ്യത്തില്‍ കുതിരാന്‍ തുരങ്ക പാതയുടെ മുന്‍പില്‍ കൂട്ടധര്‍ണ നടത്തി. സിഎച്ച്ആര്‍എഫ് തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് സി എം രാജന്‍ അധ്യക്ഷനായി. ദേശീയ ചെയര്‍മാന്‍ ഗണേശ് പറമ്പത്ത് ധര്‍ണ ഉദ്ഘാടനം ചെയ്തു. വര്‍ഗീസ് വാഴപിള്ളി സ്വാഗതം പറഞ്ഞു. പി പി രവീന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. മാത്യു തോമസ്, ഷമീര്‍ മേത്തര്‍ ചാലക്കുടി, ശ്രീജിത്ത് മേനോന്‍, മണികണഠന്‍, വിനു പുളിക്കച്ചിറയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗവണ്‍മെന്റിന് ഇതുമായി ബന്ധപ്പെട്ട് ഒപ്പ് ശേഖരണം നടത്തി നിവേദനം കൊടുക്കുവാന്‍ തീരുമാനിച്ചു.