വെണ്ണൂര്‍ തുറ നവീകരണം; കുഴൂര്‍, മാള ഗ്രാമപ്പഞ്ചായത്തുകളില്‍ സര്‍വേ ആരംഭിച്ചു
മാള: ജില്ലാ പഞ്ചായത്ത് 'ജലരക്ഷ, ജീവരക്ഷ' പദ്ധതിയുടെ കീഴില്‍ വരുന്ന ഏറ്റവും വലിയ തണ്ണീര്‍തട പദ്ധതിയായ വെണ്ണൂര്‍ തുറ നവീകരണത്തിന്റെ ഭാഗമായുള്ള സര്‍വേ നടപടികള്‍ കുഴൂര്‍, മാള ഗ്രാമപ്പഞ്ചായത്തുകളില്‍ ആരംഭിച്ചു. ഇതിനായി പുതിയ സര്‍വേ ടീമിനെയാണ് ചുമതലപ്പെടുത്തിയത്. ഇതിനോടാനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്ററും സംഘവും സ്ഥലം സന്ദര്‍ശിച്ചു. തുടര്‍ന്ന് ചേര്‍ന്ന അവലോകന യോഗത്തിലാണ് സര്‍വേ നടപടികള്‍ ആരംഭിക്കാനുള്ള തീരുമാനമായത്.
സര്‍വേയുമായി ബന്ധപ്പെട്ട് വരുന്ന തോടുകളിലെ പായലും അനുബന്ധമായി വരുന്ന കാട് പ്രദേശങ്ങളും നീക്കം ചെയ്യാന്‍ അതത് പ്രദേശത്തെ ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. അതത് പ്രദേശത്തെ വാര്‍ഡ് മെംബര്‍മാര്‍ അധ്യക്ഷരായ വാര്‍ഡുതല കമ്മിറ്റി ഇതിനായി രൂപീകരിച്ചു. നവംബര്‍ ഒമ്പതിന് അന്നമനട, കാടുകുറ്റി ഗ്രാമപ്പഞ്ചായത്തുകളില്‍ സര്‍വേ ആരംഭിച്ചതിന്റെ ഭാഗമായി എന്‍ജിനീയറിങ്, സര്‍വേ വിഭാഗത്തിന് നേരിട്ട പ്രശ്‌നത്തിനാണ് യോഗത്തില്‍ പരിഹാരമായത്.
എരവത്തൂര്‍ ഭാഗത്ത് തുറനവീകരണത്തിന്റെ ഭാഗമായി വരുന്ന തോടിന്റ ഒഴുക്കിനെ തടസ്സപ്പെടുത്തിനില്‍ക്കുന്ന കാടുകയറിയ ഭാഗങ്ങളെ വെട്ടിനീക്കി തോടിന്റെ ഒഴുക്ക് സുഗമമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. കരിങ്ങാട്ടിച്ചാലിലേക്ക് എത്തിച്ചേരുന്ന എരവത്തൂര്‍ തോടിന്റ മുറിഞ്ഞുപോയ ഭാഗം പുനസ്ഥാപിക്കാനുള്ള നടപടികളും ആരംഭിച്ചു. സര്‍വേ സംഘം സ്ഥലത്ത് സന്ദര്‍ശനം നടത്തി. അന്നമനട, കാടുകുറ്റി, കുഴൂര്‍, മാള എന്നീ പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.