ആദിവാസി പ്രശ്‌നങ്ങളില്‍ ആവശ്യമായ നടപടികളുണ്ടാവും: ജസ്റ്റിസ് ആന്റണി ഡൊമിനിക്

നിലവിലുള്ള വികസനപ്രവര്‍ത്തനങ്ങളിലും സര്‍ക്കാര്‍ വകുപ്പുകളുടെ ഇടപെടലുകളിലുമുണ്ടാകേണ്ട മാറ്റം, നടപ്പാക്കേണ്ട വിവിധ ക്ഷേമപരിപാടികളുടെ ആവശ്യകത എന്നിവ നേരില്‍ അവതരിപ്പിക്കാന്‍ ആദിവാസികള്‍ക്ക് സമ്മേളനം അവസരമൊരുക്കി.

Update: 2019-10-15 16:13 GMT

കല്‍പ്പറ്റ: ആദിവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്. സുല്‍ത്താന്‍ ബത്തേരി നഗരസഭാ ടൗണ്‍ഹാളില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സംഘടിപ്പിച്ച ആദിവാസി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദിവാസി സമൂഹത്തിന്റെ ജീവിതാവസ്ഥകള്‍ നേരില്‍ മനസ്സിലാക്കി വിലയിരുത്തുന്നതിനും പ്രശ്‌നപരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിനും വേണ്ടിയാണ് ആദിവാസി സമ്മേളനം സംഘടിപ്പിച്ചത്. നിലവിലുള്ള വികസനപ്രവര്‍ത്തനങ്ങളിലും സര്‍ക്കാര്‍ വകുപ്പുകളുടെ ഇടപെടലുകളിലുമുണ്ടാകേണ്ട മാറ്റം, നടപ്പാക്കേണ്ട വിവിധ ക്ഷേമപരിപാടികളുടെ ആവശ്യകത എന്നിവ നേരില്‍ അവതരിപ്പിക്കാന്‍ ആദിവാസികള്‍ക്ക് സമ്മേളനം അവസരമൊരുക്കി.

മനുഷ്യാവകാശ കമ്മീഷന്‍ മുഖേന പരിഹരിക്കാന്‍ ആഗ്രഹിക്കുന്ന പരാതികള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും സമ്മേളനത്തില്‍ ഒരുക്കിയിരുന്നു. ആദിവാസി ഊരുമൂപ്പന്‍മാരും ട്രൈബല്‍ പ്രൊമോട്ടര്‍മാരും വിവിധ വിഷയങ്ങള്‍ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തി. പ്രധാനമായും ഭൂമിയുമായി ബന്ധപ്പെട്ടവ, വീട്, വിദ്യാഭ്യാസം, ആരോഗ്യം, യാത്രാസൗകര്യം റേഷന്‍കാര്‍ഡ്, വനാവകാശം തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു. 50 ഓളം പരാതികളില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരില്‍നിന്നും കമ്മീഷന്‍ വിശദാംശങ്ങളും ചോദിച്ചറിഞ്ഞു. മനുഷ്യാവകാശ കമ്മീഷന്‍ മുഖേന പരിഹാരം കാണാന്‍ ശ്രമിക്കുന്ന പരാതികള്‍ സ്വീകരിച്ചു. ബന്ധപ്പെട്ട വകുപ്പുകളോട് വിശദാംശംതേടി ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.

അടിയന്തരപ്രാധാന്യമുള്ള വിഷയങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. പുതുതായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ തുടങ്ങുന്ന സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ ആദിവാസി വിഭാഗത്തിന് പ്രത്യേക പരിഗണന നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. ആദിവാസി വിദ്യാര്‍ഥികള്‍ക്കായി ജില്ലയിലെ വൈത്തിരി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളില്‍കൂടി പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകള്‍ വേണമെന്ന ആവശ്യവും സമ്മേളനത്തില്‍ ഉയര്‍ന്നു. യോഗത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി മോഹനദാസ്, സെക്രട്ടറി എം എച്ച് മുഹമ്മദ് റാഫി, രജിസ്ട്രാര്‍ ജി എസ് ആശ, പട്ടികവര്‍ഗ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ആര്‍ പ്രസന്നന്‍, എഡിഎം തങ്കച്ചന്‍ ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു. 

Tags:    

Similar News