തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞു; മരണകാരണം വ്യക്തമല്ല; കേരളവും കര്‍ണാടകയും സംയുക്തമായി അന്വേഷിക്കും
20 ദിവസത്തിനിടെ രണ്ട് തവണ തണ്ണീര്‍കൊമ്പനെ മയക്കുവെടി വെച്ചിരുന്നു.
വയനാട്: മാനന്തവാടിയില്‍ നിന്ന് ഇന്നലെ പിടികൂടിയ തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. വളരെ സങ്കടമുണ്ടാക്കുന്ന വാര്‍ത്തയാണിത്. വനത്തിലേക്ക് അയയ്ക്കുന്നതിന് മുന്‍പേ പരിശോധനകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. പരിശോധനകള്‍ നടക്കുന്നതിനിടയില്‍ തന്നെ തണ്ണീര്‍ കൊമ്പന്‍ മരിച്ചതായുള്ള വിവരമാണ് ലഭിച്ചതെന്നും മന്ത്രി പ്രതികരിച്ചു.
'അത്യന്തം വിജയകരമായി പൂര്‍ത്തിയാക്കിയ ദൗത്യത്തില്‍ നേര്‍ വിപരീതമായ വാര്‍ത്തയാണ് ഇന്ന് കേള്‍ക്കേണ്ടി വന്നത്. തണ്ണീര്‍ക്കൊമ്പന്‍ ചരിഞ്ഞത് നടുക്കമുണ്ടാക്കി. വിദഗ്ധ പരിശോധന തുടങ്ങും മുന്‍പ് ആന ചരിഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയാല്‍ മാത്രമെ മരണകാരണം വ്യക്തമാകുകയുള്ളൂ.
എല്ലാ കാര്യങ്ങളും സുതാര്യമായാണ് നടന്നത്. തുടര്‍ നടപടികളും സുതാര്യമായിരിക്കും. കേരള കര്‍ണാടക വനംവകുപ്പ് സംയുക്തമായി അന്വേഷിക്കും. അഞ്ചംഗ വിദഗ്ധ സമിതിയെ കേരളം നിയോഗിക്കും. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനാണ് ആനയെ പിടികൂടിയത്. മാനന്തവാടിയിലെ ജനങ്ങള്‍ സഹകരിച്ചു. നടപടി ക്രമങ്ങളില്‍ വീഴ്ചയുണ്ടായില്ല. തണ്ണീര്‍ കൊമ്പന്‍ ചെരിഞ്ഞതില്‍ ദുരൂഹത ഉള്ളതായി സംശയിക്കുന്നില്ല. ആന മയക്കുവെടിവെച്ചിട്ടും ശാന്തനായിരുന്നു. അതിന്റെ കാരണം അറിയണം. പ്രാഥമിക പരിശോധനയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി മയക്കുവെടിവെച്ചിട്ടും ഇത്രയും ആളുകള്‍ പ്രകോപനപരമായി പെരുമാറിയിട്ടും ശാന്തത കൈവിടാതെ നിന്നത് എന്തുകൊണ്ട് എന്നുള്ളത് സവിശേഷത ആയിരുന്നു', മന്ത്രി പറഞ്ഞു.
ഇന്നലെ രാവിലെ ഏഴ് മണി മുതല്‍ രാത്രി വൈകും വരെ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും സുതാര്യമായിരുന്നു എന്നും മന്ത്രി പറഞ്ഞു. അതിന് മാധ്യമങ്ങളും സാക്ഷിയാണ്. പോസ്റ്റ്മോര്‍ട്ടം കര്‍ണാടകയിലേയും കേരളത്തിലേയും വിദഗ്ധന്‍മാരുടെ സാന്നിധ്യത്തിലായിരിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. അതിനായുള്ള ഏര്‍പ്പാടുകള്‍ ഇതിനകം തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.ഇന്ന് ബന്ദിപൂരില്‍ വെച്ചാണ് ആന ചരിഞ്ഞത്. ഏഴ് മണിയോടെയാണ് ഔദ്യോഗിക വിവരം ലഭിക്കുന്നത്.കര്‍ണാടക വനംവകുപ്പാണ് വിവരം കേരള വനംവകുപ്പിനെ അറിയിച്ചത്. 20 ദിവസത്തിനിടെ രണ്ട് തവണ തണ്ണീര്‍കൊമ്പനെ മയക്കുവെടി വെച്ചിരുന്നു.
മാനന്തവാടിയില്‍ നിന്ന് ഇന്നലെ പിടികൂടിയ തണ്ണീര്‍ കൊമ്പനെ കര്‍ണാടകയിലെ രാമപുര എലഫന്റ് ക്യാമ്പില്‍ എത്തിച്ചിരുന്നു. ഇന്ന് പുലര്‍ച്ചയോടെയാണ് കൊമ്പനെ ബന്ദിപ്പൂരെത്തിച്ചത്. മയക്കു വെടി വെച്ചതിനുശേഷം അഞ്ചുമണിക്കൂറിലേറെയാണ് ആന വനം വകുപ്പിന്റെ അനിമല്‍ ആംബുലന്‍സില്‍ സഞ്ചരിച്ചത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തണ്ണീര്‍ കൊമ്പനെ ഇന്നലെ കൂട്ടിലാക്കിയത്. മയക്കുവെടി വെച്ച് മയക്കിയ ആനയെ കുംകി ആനകളുടെ സഹായത്തോടെ എലിഫന്റ് ആംബുലന്‍സില്‍ കയറ്റുകയായിരുന്നു. ലോറിയില്‍ കയറാന്‍ മടിച്ച കൊമ്പനെ കുംകിയാനയായ കോന്നി സുരേന്ദ്രനാണ് ലോറിയിലേക്ക് തളളി കയറ്റിയത്.