വയനാട് മെഡിക്കല്‍ കോളജ്: സര്‍ക്കാര്‍ വഞ്ചന അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ

Update: 2021-07-07 09:03 GMT

മാനന്തവാടി: തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജില്ലാ ആശുപത്രിയുടെ ബോര്‍ഡ് മാറ്റി തുടക്കംകുറിച്ചെന്ന് പറയുന്ന വയനാട് മെഡിക്കല്‍ കോളജ് യഥാര്‍ഥ മെഡിക്കല്‍ കോളജാക്കി മാറ്റുന്നതിന് ഇനിയുമെന്താണ് തടസ്സമെന്ന് ഭരണക്കാരും എംഎല്‍എയും ജനങ്ങളോട് വെളിപ്പെടുത്തണമെന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. അതല്ലങ്കില്‍ ഇനി കാലതാമസമില്ലാതെ മെഡിക്കല്‍ കോളങ് യാഥാര്‍ഥ്യമാക്കാനുള്ള അടിയന്തര നടപടി കൈക്കൊള്ളണം.

മെഡിക്കല്‍ കോളജ് വിഷയം ഉയര്‍ത്തിക്കാട്ടി വിജയിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ ഈ വിഷയത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാന്‍ ജനങ്ങള്‍ക്കവകാശമുണ്ട്. കൊവിഡ് 19 വ്യാപനവും മറ്റും കാരണം ജനം വീര്‍പ്പുമുട്ടുമ്പോള്‍ നേരത്തെ ജില്ലാ ആശുപത്രിയില്‍ കിട്ടിയിരുന്ന ചികില്‍സാ സൗകര്യംകൂടി ഇല്ലാതായിരിക്കുകയാണ്. ഈ സാഹചര്യം മനസ്സിലാക്കി അടിയന്തരമായി മെഡിക്കല്‍ കോളജിനാവശ്യമായ സൗകര്യങ്ങളൊരുക്കണം.

അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി എസ്ഡിപിഐ രംഗത്തുവരുമെന്ന് ജില്ലാ കമ്മറ്റി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. യോഗത്തില്‍ പ്രസിഡന്റ് ടി നാസര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി ഫസലുറഹ്മാന്‍, ട്രഷറര്‍ അഡ്വ.കെ എ അയ്യൂബ്, എന്‍ ഹംസ, പി ജമീല, പി ആര്‍ കൃഷ്ണന്‍കുട്ടി, ഉസ്മാന്‍ കുണ്ടാല സുബൈര്‍, കെ പി നൗഷാദ് റിപ്പണ്‍, മുസ്തഫ അമാനി, എ ദാവൂദ്, യൂസഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags:    

Similar News