കാര്‍ഷിക സഹകരണം: ഇസ്രായേലുമായി മൂന്നു വര്‍ഷത്തെ കരാറില്‍ ഒപ്പുവച്ച് ഇന്ത്യ

ഇന്ത്യന്‍ ഗ്രാമീണ മേഖലയില്‍ കാര്‍ഷിക ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയാണ് കരാറിലൂടെ ലക്ഷ്യമിടുന്നതെന്ന് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ അവകാശപ്പെട്ടു.

Update: 2021-05-27 07:35 GMT

മുംബൈ: കാര്‍ഷിക മേഖലയില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ഇന്ത്യാ-ഇസ്രായേല്‍ ധാരണ. ഇതു സംബന്ധിച്ച മൂന്നു വര്‍ഷത്തെ കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. ഇന്ത്യന്‍ ഗ്രാമീണ മേഖലയില്‍ കാര്‍ഷിക ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയാണ് കരാറിലൂടെ ലക്ഷ്യമിടുന്നതെന്ന് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ അവകാശപ്പെട്ടു.

ഇന്തോ-ഇസ്രായേല്‍ ഗ്രാമങ്ങള്‍ ഒരുക്കുകയാണ് ചെയ്യുക. 12 സംസ്ഥാനങ്ങളിലാണ് കരാറിന്റെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ നടക്കുക.ഗ്രാമങ്ങളില്‍ നടപ്പാക്കേണ്ട പദ്ധതിക്ക് രൂപം നല്‍കുക ഇസ്രായേല്‍ ആയിരിക്കും. അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാകും പദ്ധതി നടപ്പാക്കുക. കാര്‍ഷിക ഉല്‍പ്പാദനം വര്‍ധിപ്പിക്കുക, കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുക എന്നിവയാണ് ലക്ഷ്യമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇസ്രായേല്‍ നോഡല്‍ ഏജന്‍സിയായ മാഷവ് ഒട്ടേറെ വികസ്വര രാജ്യങ്ങളുമായി കാര്‍ഷിക മേഖലയിലെ സാങ്കേതിക വിദ്യ പങ്കുവയ്ക്കുന്നുണ്ട്. ഇന്ത്യയില്‍ 12 സംസ്ഥാനങ്ങളിലായി 29 പ്രവര്‍ത്തന കേന്ദ്രങ്ങളാണ് ഒരുക്കുക.

ഇന്ത്യയില്‍ സ്വകാര്യ മേഖലയുമായി ബന്ധപ്പെട്ടും ഇസ്രായേല്‍ ഏജന്‍സി പ്രവര്‍ത്തിക്കുമെന്നാണ് സൂചന. 2008ലാണ് ഇസ്രായേലുമായി ഇക്കാര്യത്തില്‍ ഇന്ത്യ ആദ്യം കരാറുണ്ടാക്കിയത്. നാല് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി. ഇപ്പോള്‍ അഞ്ചാം ഘട്ടമായി മൂന്ന് വര്‍ഷത്തേക്കുള്ള കരാറാണ് ഒപ്പുവച്ചിരിക്കുന്നത്.

Tags:    

Similar News