ഹിന്ദുത്വ ഭീകരവാദി നരേന്ദ്ര മോദി നയിക്കുന്ന സർക്കാർ യാതൊരു വിട്ടുവീഴ്ചയും അർഹിക്കുന്നില്ല
ഡൽഹിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തെ അടിച്ചമർത്താനും വർഗീയ കലാപം നടത്താനും സംഘപരിവാർ സ്വീകരിച്ച അതേ മാതൃകയാണ് വള്ളിപുള്ളി വിടാതെ ഇപ്പോൾ കർഷക സമരത്തിന് നേരെയും അരങ്ങേറുന്നത്.
കർഷക പ്രക്ഷോഭത്തെ ഏതുവിധേനയും അടിച്ചമർത്താമെന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരേ വ്യാപക പ്രതിഷേധമാണ് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുയരുന്നത്. പോലിസ്, അർധസൈനിക വിഭാഗങ്ങളെ ഉപയോഗിച്ച് വ്യാഴാഴ്ച്ച രാത്രിയിൽ ഡൽഹി-ഉത്തർപ്രദേശ് അതിർത്തിയായ ഗാസിപൂരിൽ കർഷകർക്കെതിരേ നടത്തിയ നാടകീയ നീക്കങ്ങൾ പൊളിഞ്ഞതിന് പിന്നാലെ ഇന്ന് സിംഘു അതിർത്തിയിൽ പോലിസ് കുറെ സംഘപരിവാർ ഗുണ്ടകളെ 'നാട്ടുകാർ' എന്ന വേഷം കെട്ടിച്ച് ഇറക്കി പ്രക്ഷോഭകർക്കെതിരേ നടത്തിയ നീക്കം വ്യാപക വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് സുപ്രിംകോടതി അഭിഭാഷകൻ പ്രമോദ് പുഴങ്കരയുടെ ഫേസ്ബുക്ക് കുറിപ്പ്.
കർഷക സമരത്തെ ചോരയിൽ മുക്കിക്കൊല്ലാൻ സംഘപരിവാറിന്റെ ഗുണ്ടകളും ഡൽഹി-ഉത്തർപ്രദേശ് പോലിസും ഒത്തുചേർന്ന് അക്രമം അഴിച്ചുവിടുകയാണ്. മൂന്നു കിലോമീറ്റർ അകലെവെച്ച് എല്ലാ വാഹനങ്ങളെയും ആളുകളെയും കർഷക സമരക്കാർക്കുള്ള വെള്ളം വരെ തടയുന്ന പോലിസ് കുറെ സംഘപരിവാർ ഗുണ്ടകളെ 'നാട്ടുകാർ' എന്ന വേഷം കെട്ടിച്ച് ഇറക്കുകയും സിംഘുവിലെ കർഷക സമര കേന്ദ്രത്തിനു നേരെ ആക്രമണം അഴിച്ചുവിടുകയുമാണ് ഇപ്പോൾ ചെയ്യുന്നത്. മറ്റെല്ലാവരെയും തടയുന്ന പോലിസ് 'ഈ നാട്ടുകാരെ' തടയാത്തത് എന്തെന്നതിന് ഇനി വേറെ ഉത്തരത്തിന്റെ ആവശ്യമൊന്നുമില്ല.
സംഘപരിവാറിന്റെ ഗുണ്ടകളെ നാട്ടുകാർ എന്നുവിളിച്ച് ജനങ്ങളെ വിഡ്ഢികളാക്കാതിരിക്കാൻ മാധ്യമങ്ങൾ ശ്രദ്ധിക്കണം. ഡൽഹിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തെ അടിച്ചമർത്താനും വർഗീയ കലാപം നടത്താനും സംഘപരിവാർ സ്വീകരിച്ച അതേ മാതൃകയാണ് വള്ളിപുള്ളി വിടാതെ ഇപ്പോൾ കർഷക സമരത്തിന് നേരെയും അരങ്ങേറുന്നത്. ഇന്ത്യൻ കാർഷിക മേഖലയെ മുഴുവൻ കോർപറേറ്റുകൾക്ക് തീറെഴുതുന്ന നയത്തിനെതിരേ ഐതിഹാസിക സമരം നടക്കുമ്പോൾ സംഘപരിവാറിന്റെ കപട ദേശീയപതാക അഭിമാനമൊക്കെ പുറങ്കാൽ കൊണ്ട് തൊഴിച്ചുകളയേണ്ടതാണ്. ലക്ഷക്കണക്കിന് കർഷകർ ഇന്ത്യയൊട്ടാകെ നടത്തുന്ന സമരത്തോട് ക്രിയാത്മകമായി പ്രതികരിക്കുക പോലും ചെയ്യാത്ത ഹിന്ദുത്വ ഭീകരവാദി നരേന്ദ്ര മോദി നയിക്കുന്ന സർക്കാർ യാതൊരു വിട്ടുവീഴ്ചയും അർഹിക്കുന്നില്ല.
കാർഷിക നിയമങ്ങളെക്കുറിച്ചുള്ള സമരത്തിൽ ദേശീയപതാകയുടെ വർത്തമാനവുമായി വരുന്നത് സമരചർച്ചയെ വഴിതെറ്റിക്കാനാണ്. ഈ സമയത്തും കർഷക സംഘടനകളുടെ സംയുക്ത സമര സമിതിയിലും സമര സംഘാടനത്തിലും സമരത്തിന്റെ മുന്നണിയിലും സജീവ പങ്കാളിത്തമുള്ള പഞ്ചാബിൽ നിന്നടക്കമുള്ള വിവിധ ഇടതുപക്ഷ സംഘടനകളേയും ഇടതുപക്ഷ കക്ഷികളുടെ കർഷക സംഘങ്ങളെയും അവഹേളിക്കാനും അവർക്ക് എന്തെങ്കിലും രാഷ്ട്രീയനേട്ടം ഉണ്ടാകുമോ എന്ന അശ്ലീലമായ ആശങ്ക പ്രകടിപ്പിക്കാനും മാത്രം സമരത്തെക്കുറിച്ച് സംസാരിക്കുന്ന കേരളത്തിലെ കോൺഗ്രസുകാർ എന്തുകൊണ്ടാണ് ഒരു ജനകീയ സമരത്തിനും വിശ്വസിക്കാൻ പറ്റാത്ത വഞ്ചകരാകുന്നത് എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്.
ഇന്ത്യൻ സ്വാതന്ത്ര്യാനന്തര ചരിത്രത്തിലെ ഏറ്റവും നിർണായകമായ സമരങ്ങളിലൊന്ന് നടക്കുമ്പോൾ ഇതുവരെ കിട്ടാത്ത സമയമെടുത്ത് മണ്ഡല പര്യടനം നടത്തുകയും സുരക്ഷാവലയങ്ങൾ ഭേദിച്ച് രാജാവിന്റെ മനുഷ്യമുഖം കാണിക്കുകയുമൊക്കെ ചെയ്യുന്ന രാഹുൽ ഗാന്ധിയെ കൊട്ടിഘോഷിക്കേണ്ട ഗതികേട് ഇന്ത്യയിലെ കർഷക സമരത്തിനില്ല. അതുകൊണ്ട് തന്നെയാണ് സമര സംഘടനകളുടെ ഒരു നിരയിലും കോൺഗ്രസുകാരെ കാണാത്തതും. ഹിംസകൊണ്ട് മാത്രം നിലനിൽക്കുന്ന ഭരണകൂടത്തിനെതിരേ ചെറുത്തുനിൽപ്പ് ഏതുതരത്തിലാകണമെന്നത് ഒരു ജനത സമരത്തിന്റെ വഴികളിലെടുക്കുന്ന തീരുമാനമാണ്. അത് സംഘപരിവാറും മോദിയും നേരിടേണ്ടിവരികതന്നെ ചെയ്യണം.\
കർഷക സമരത്തെ ചോരയിൽ മുക്കിക്കൊല്ലാൻ സംഘപരിവാറിന്റെ ഗുണ്ടകളും ഡൽഹി-ഉത്തർപ്രദേശ് പൊലീസും ഒത്തുചേർന്ന് അക്രമം...
Posted by Pramod Puzhankara on Friday, 29 January 2021