ബാബരി; ധാർമിക വിയോജിപ്പുണ്ടാക്കുന്ന വിധി: ഇ ടി മുഹമ്മദ് ബഷീർ
സംഘപരിവാറിന്റെ അജണ്ട കോടതി വിധിയിലൂടെ നിറവേറി
ന്യൂഡൽഹി: ബാബരി മസ്ജിദ് തകര്‍ച്ചയെ സംബന്ധിച്ച ലഖ്നോ സിബിഐ പ്രത്യേക കോടതി വിധി സത്യവുമായി ബന്ധമില്ലാത്തതും വിചിത്രവും നീതി നടപ്പിലാക്കണമെന്ന് ആഗ്രഹിക്കുന്ന ആര്‍ക്കും അംഗീകരിക്കാന്‍ കഴിയാത്തതുമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എംപി. ഇത്തരത്തിലുള്ള വിധിന്യായങ്ങള്‍ ജുഡീഷ്യറിയുടെ പവിത്രതയെ കുറിച്ച് ചിന്തിക്കുന്ന എല്ലാവരുടെ മനസ്സിലും ശക്തമായ ധാര്‍മിക വിയോജിപ്പുണ്ടാക്കുന്ന താണെന്നതില്‍ ഒരു സംശയവുമില്ല.
കോടതി പറഞ്ഞ രണ്ട് കാര്യങ്ങളില്‍ ഒന്ന് ഇതില്‍ ഗൂഢാലോചന ഉണ്ടായിട്ടില്ല എന്നതാണ്. രണ്ടാമത്തേത് ഇതില്‍ പ്രതികളായി ചേര്‍ക്കപ്പെട്ട ആളുകളില്‍ അദ്വാനി, ഉമാഭാരതി, മുരളി മനോഹര്‍ ജോഷി തുടങ്ങിയ ആളുകള്‍ ജനങ്ങളെ സമാധാനിപ്പിക്കാനാണ് ശ്രമിച്ചത് എന്നാണ്. അതുകൊണ്ട് അവര്‍ കുറ്റക്കാരല്ലെന്നുമാണ്. ശാന്തിദൂതന്‍മാരെന്നുള്ള പരിവേഷമാണ് കോടതി ഇവര്‍ക്ക് കൊടുത്തിട്ടുള്ളത്. വ്യക്തമായ അനീതിയില്‍ അധിഷ്ഠിതമായിട്ടുള്ള വിധിയാണ് ഇത്. അത്തരം ഒരു വിധിയോട് യാതൊരുവിധത്തിലും യോജിക്കാന്‍ കഴിയില്ല. കുറച്ചാളുകള്‍ അവിടെ പോയി ആവേശത്തില്‍ ഇടിച്ചപ്പോള്‍ പള്ളി തകര്‍ന്ന് പോയി എന്നുള്ള സ്വഭാവത്തിലാണ് കോടതിയുടെ നിഗമനം. വളരെ തെറ്റായ ഒരു പരാമര്‍ശമാണിത്.
നിരന്തരമായ ആസൂത്രണം ചെയ്യലും അദ്വാനിയുടെ നേതൃത്വത്തില്‍ രാജ്യത്താകെ ഇതിലേക്കുള്ള രഥയാത്ര നടത്തലും ഇത്തരം പള്ളിപൊളിക്കല്‍ പ്രക്രിയക്ക് ആളുകളെ ആവേശം കൊള്ളിക്കുന്ന വിധത്തില്‍ നിരന്തരമായ പ്രചരണങ്ങളുമെല്ലാം നടത്തിയതിന് ശേഷം ഇന്ത്യയുടെ മതേതര വിശ്വാസികളുടെയെല്ലാം മനസ്സിനെ നോവിക്കുന്ന വിധത്തില്‍ അവിടെ ചെയ്തിട്ടുള്ള കാര്യങ്ങള്‍ ടിവി യിലൂടെ നമ്മള്‍ കണ്ടിട്ടുള്ളതാണ്. ഒരു നിമിഷത്തിന്റെ വികാരം കൊണ്ട് ആസൂത്രിതമല്ലാതെ ചെയ്തതാണെന്ന് കോടതിക്ക് തോന്നിയിട്ടുണ്ടെങ്കില്‍ അത് അവര്‍ക്ക് മാത്രം കണ്ടുപിടിക്കാവുന്ന ഒരു സംഗതിയാണ്. സാധാരണ ഗതിയില്‍ അല്‍പം ചിന്തിക്കുന്ന ഒരാള്‍ക്ക് സത്യത്തിന്റെ കണിക പോലും ഇതിൽ കാണില്ല എന്ന് പറയുവാന്‍ യാതൊരു മടിയുമില്ല.
2019 ലെ കോടതി വിധി ബാബരി മസ്ജിദിന്റെ സ്ഥലമടക്കം രാമക്ഷേത്ര നിര്‍മാണത്തിന് കൊടുക്കുക എന്നതായിരുന്നു. അതില്‍ നീതി കിട്ടിയില്ല. അന്ന് മസ്ജിദ് പൊളിച്ചതിനെ പറ്റി കോടതി പറയുകയും പൊളിച്ചതിന്റെ അന്യായം തിരുത്താനുള്ള എന്തെങ്കിലും നടപടി കൃത്യമായിട്ട് പറയുന്നതിന് പകരം സമീപ പ്രദേശങ്ങളില്‍ എവിടെയെങ്കിലും അഞ്ചേക്കര്‍ ഭൂമി എടുത്തിട്ട് അവിടെ മസ്ജിദ് ഉണ്ടാക്കിക്കൊള്ളൂവെന്നാണ് കോടതി പറഞ്ഞത്. ആ വിധിയെ ഞങ്ങളാരും സ്വാഗതം ചെയ്തിട്ടില്ല. പള്ളി പൊളിച്ച നടപടിയെ ആയിരുന്നു ആക്ഷേപിച്ചിരുന്നത്. സംഘപരിവാറിന്റെ അജണ്ട കോടതി വിധിയിലൂടെ നിറവേറിയെന്നും ഇ ടി പറഞ്ഞു.