മംഗളൂരു: കൊങ്കണ്‍ റൂട്ടില്‍ ഇന്ന് ട്രെയിനുകൾ ഓടിത്തുടങ്ങും. മംഗളൂരുവിനടുത്ത് കുലശേഖരയില്‍ പാളത്തിലേക്ക് കുന്നിടിഞ്ഞു വീണ് എട്ടുദിവസമായി മുടങ്ങിക്കിടക്കുന്ന തീവണ്ടി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. മഴ തുടരുന്നുണ്ടെങ്കിലും സമാന്തരപാത നിര്‍മാണം പൂര്‍ത്തിയാക്കി പാത ഗതാഗത യോഗ്യമാക്കാനുള്ള തീവ്രശ്രമത്തിലാണ് റെയില്‍വേ. കഴിഞ്ഞ എട്ട് ദിവസമായി കേരളത്തില്‍നിന്നും മുംബൈ ഭാഗത്തേക്കുള്ളതും തിരിച്ചുമുള്ള തീവണ്ടി ഗതാഗതം താളംതെറ്റിയിരിക്കുകയാണ്.പാലക്കാട് ഡിവിഷനു കീഴില്‍ പടീല്‍-ജോക്കട്ട റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഇടയിലെ കുലശേഖരയിലാണ് കഴിഞ്ഞ 23-നു പുലര്‍ച്ചെ സമീപത്തെ കുന്നിന്റെ ഒരുഭാഗം ഇടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടത്.
മണ്ണു നീക്കുന്നതിനിടെ കനത്ത മഴ തുടര്‍ന്നതോടെ വീണ്ടും പലതവണ മണ്ണിടിച്ചില്‍ ഉണ്ടായി. മഴയില്‍ കുതിര്‍ന്ന് ചെളി ആയതോടെ ഇത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചുപോലും നീക്കാന്‍ കഴിയാത്ത സ്ഥിതിയുമുണ്ടായി. നിലവിലെ പാത ഗതാഗതയോഗ്യമാക്കാന്‍ ആഴ്ചകള്‍ എടുക്കുമെന്ന സ്ഥിതിയായതോടെയാണ് സമാന്തര പാത നിര്‍മാണം ആരംഭിച്ചത്.