ഇന്ത്യയും പാകിസ്താനും ആവശ്യപ്പെട്ടാല്‍ കശ്മീര്‍പ്രശ്‌നത്തില്‍ ഇടപെടാമെന്ന് ട്രംപ്

ഇന്ത്യയും പാകിസ്താനുമിടയില്‍ മാധ്യസ്ഥം വഹിക്കാനുള്ള താല്‍പ്പര്യം ട്രംപ് നേരത്തെയും പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കശ്മീര്‍, പാകിസ്താനും ഇന്ത്യയ്ക്കുമിടയിലെ ആഭ്യന്തരപ്രശ്‌നം മാത്രമാണെന്നും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ടതാണെന്നുമാണ് ഇന്ത്യയുടെ നിലപാട്.

Update: 2019-10-25 05:08 GMT

വാഷിങ്ടണ്‍ ഡിസി: ഇന്ത്യയും പാകിസ്താനും ആവശ്യപ്പെടുകയാണെങ്കില്‍ കശ്മീര്‍ പ്രശ്‌നത്തില്‍ മാധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സമാധാനചര്‍ച്ചകള്‍ തുടരുന്നതിനുള്ള ഉത്തരവാദിത്തം ഇസ്‌ലാമാബാദിനാണെന്നും ഭീകരവാദസംഘടനകള്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കണമെന്നും അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഇന്ത്യയും പാകിസ്താനുമിടയില്‍ മാധ്യസ്ഥം വഹിക്കാനുള്ള താല്‍പ്പര്യം ട്രംപ് നേരത്തെയും പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കശ്മീര്‍, പാകിസ്താനും ഇന്ത്യയ്ക്കുമിടയിലെ ആഭ്യന്തരപ്രശ്‌നം മാത്രമാണെന്നും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ടതാണെന്നുമാണ് ഇന്ത്യയുടെ നിലപാട്. മൂന്നാമതൊരു കക്ഷിയുടെ മുന്‍കൈയില്‍ സമാധാനചര്‍ച്ച നടക്കുന്നതില്‍ ഇന്ത്യയ്ക്കുള്ള താല്പര്യക്കുറവ് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഭീകരതയും സമാധാനചര്‍ച്ചയും ഒരുമിച്ചുപോകാനാവില്ലെന്ന ഇന്ത്യയുടെ നിലപാട് അമേരിക്ക അംഗീകരിക്കുകയാണെങ്കില്‍ ചര്‍ച്ചയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് ചില മാധ്യമങ്ങള്‍ നല്‍കുന്ന സൂചന.

ജെയ്ഷ് ഇ മുഹമ്മദ്, ലഷ്‌കര്‍ ഇ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളെ പാകിസ്താന്‍ കയറൂരിവിടുകയാണെന്നും മേഖലയില്‍ അസ്ഥിരപ്പെടുത്തുന്ന ഈ നടപടികള്‍ക്ക് പാകിസ്താന്‍ മറുപടി പറയേണ്ടിവരുമെന്നും ഒക്ടോബര്‍ 22 ന് തെക്കേഷ്യക്കു വേണ്ടിയുള്ള അമേരിക്കന്‍ അസിസ്റ്റന്റ് സെക്രട്ടറി ആലീസ് ജി വെല്‍സ്‌ മുന്നറിയിപ്പു നല്‍കിയിരുന്നു.

ഇതിനിടയില്‍ കര്‍ത്താര്‍പൂര്‍ ഇടനാഴികയിലൂടെയുള്ള യാത്രയെ സംബന്ധിച്ച് പാകിസ്താനും ഇന്ത്യയും ഒപ്പുവച്ച കരാര്‍ ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്കിടയിലുള്ള പരസ്പര സമ്പര്‍ക്കം വര്‍ധിപ്പിക്കാന്‍ ഇടവരുത്തുമെന്ന് വൈറ്റ്ഹൗസ് പ്രത്യാശ പ്രകടിപ്പിച്ചു. പാക്-പഞ്ചാബില്‍ സ്ഥിതിചെയ്യുന്ന ഗുരുദ്വാരയിലേക്കുള്ള തീര്‍ത്ഥാടകയാത്ര സുഗമമാക്കാനാണ് കര്‍ത്താര്‍പൂര്‍ ഇടനാഴി കരാര്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. 

Tags:    

Similar News