മലപ്പുറം: ലോക്ക് ഡൗണ്‍ കാരണം നാട്ടില്‍ പോകാനാവാതെ ജില്ലയില്‍ കഴിയുന്ന കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ മലപ്പുറം ജില്ലയില്‍ നടപടികളായി. അതത് സംസ്ഥാനങ്ങളുടെ അനുമതിയോടെ പ്രത്യേക തീവണ്ടികളിലാണ് സ്വന്തം നാടുകളിലേക്ക് യാത്രയാക്കുന്നത്. നേപ്പാളില്‍ നിന്നുള്ള 76 പേരുള്‍പ്പടെ 66,395 കുടിയേറ്റ തൊഴിലാളികളാണ് നിലവില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായുള്ളത്. തദ്ദേശ സ്വയംഭരണം, തൊഴില്‍, പൊലിസ് വകുപ്പുകള്‍ ഇവരുമായി നേരിട്ട് ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
സ്വന്തം നാടുകളിലേക്ക് തിരിച്ചു പോകാന്‍ താല്പര്യമുള്ളവരെ കണ്ടെത്തി പൊലിസാണ് പട്ടിക തയ്യാറാക്കുന്നത്. പ്രത്യേക തീവണ്ടികള്‍ അനുവദിക്കുന്ന മുറയ്ക്ക് ഈ പട്ടിക പ്രകാരം ജില്ലാ ഭരണകൂടം യാത്രാനുമതി നല്‍കും. തിരിച്ചു പോകുന്ന തൊഴിലാളികളെ റെയില്‍വെ സ്‌റ്റേഷനുകളില്‍ എത്തിക്കുന്നതിനടക്കമുള്ള ക്രമീകരണങ്ങള്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് നടപ്പാക്കുന്നത്. യാത്രയ്ക്കായി ആരും നേരിട്ട് റെയില്‍വെ സ്‌റ്റേഷനുകളിലും മറ്റിടങ്ങളിലും എത്താന്‍ പാടില്ല.
32 സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ നിലവില്‍ ജില്ലയിലുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികളുള്ളത് പശ്ചിമ ബംഗാളില്‍ നിന്നാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നേപ്പാളില്‍ നിന്നുമുള്ള തൊഴിലാളികളുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു.
ആന്ധ്ര പ്രദേശ് 252, അരുണാചല്‍ പ്രദേശ് 46, അസം 10,680, ബിഹാര്‍ 6,578, ഛണ്ഡിഗഡ് 1, ഛത്തിസ്ഗഡ് 373, ദമന്‍ ആന്റ് ദിയു 2, ഡല്‍ഹി 80, ഗോവ 4, ഗുജറാത്ത് 16, ഹരിയാന 16, ജമ്മു കശ്മീര്‍ 10, ഝാര്‍ഖണ്ഡ് 1,700, കര്‍ണ്ണാടക 281, ലക്ഷദ്വീപ് 3, മധ്യപ്രദേശ് 802, മഹാരാഷ്ട്ര 170, മണിപ്പൂര്‍ 34, മേഘാലയ 77, മിസൊറാം 3, നാഗാലാന്റ് 17, ഒഡിഷ 5,421, പുതുച്ചേരി 12, പഞ്ചാബ് 31, രാജസ്ഥാന്‍ 1,476, തമിഴ്‌നാട് 6,540, തെലുങ്കാന 11, ത്രിപുര 64, ഉത്തര്‍പ്രദേശ് 4,633, ഉത്തരാഖണ്ഡ് 7, പശ്ചിമ ബംഗാള്‍ 26,977, സിക്കിം 2, നേപ്പാള്‍ 76.