ലോക്ക്ഡൗണ്‍: 1501 അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ കൂടി നാട്ടിലേക്ക് മടങ്ങി
വയനാട് ജില്ലയില്‍ നിന്നും ബംഗാളിലേക്ക് മടങ്ങുന്ന ആദ്യ സംഘമാണിത്.
കല്‍പ്പറ്റ: വയനാട്ടില്‍ നിന്നും 1501 അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ കൂടി നാട്ടിലേക്ക് മടങ്ങി. പശ്ചിമ ബംഗാള്‍ സ്വദേശികളായ തൊഴിലാളികളാണ് ഇന്ന് ജില്ലയില്‍ നിന്നും യാത്ര തിരിച്ചത്. ജില്ലയില്‍ നിന്നും ബംഗാളിലേക്ക് മടങ്ങുന്ന ആദ്യ സംഘമാണിത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും വയനാട് ജില്ലയ്ക്ക് മാത്രമായി അനുവദിച്ച ശ്രമിക് ട്രെയിനിലാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങിയത്.
ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ താമസിച്ചിരുന്ന തൊഴിലാളികളെ തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ കെഎസ്ആര്‍ടി ബസ് മാര്‍ഗ്ഗമാണ് കല്‍പ്പറ്റ എസ്‌കെഎംജെ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തിച്ചത്. സ്വദേശത്തേക്ക് പുറപ്പെട്ട മുഴുവന്‍ തൊഴിലാളികളുടെയും രേഖകള്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും നോഡല്‍ ഓഫിസറുമായ പിഎം ഷൈജു, ജില്ലാ ലേബര്‍ ഓഫിസര്‍ കെസുരേഷ്, എന്നിവരുടെ നേതൃത്വത്തില്‍ പരിശോധിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെ സഹകരണത്തോടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ആവശ്യമായ ഭക്ഷണവും വെള്ളവും നല്‍കിയാണ് തൊഴിലാളികളെ യാത്രയാക്കിയത്. ജില്ലയില്‍ നിന്നും ഇതുവരെ 2173 അന്തര്‍ സംസ്ഥാന തൊഴിലാളികളാണ് സ്വദേശങ്ങളിലേക്ക് മടങ്ങിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ശ്രമിക് ട്രെയിനുകള്‍ ലഭ്യമാകുന്നതോടെ മടങ്ങാന്‍ സാധിക്കാത്ത തൊഴിലാളികള്‍ക്ക് സൗകര്യം ലഭ്യമാക്കുമെന്ന് ജില്ലാ ലേബര്‍ ഓഫിസര്‍ അറിയിച്ചു. ജില്ലയില്‍ നിന്നും കഴിഞ്ഞ ദിവസം 554 അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ സ്വദേശത്തേക്ക് മടങ്ങിയിരുന്നു. ഒഡീഷയിലേക്ക് 213 പേരും യുപിയിലേക്ക് 341 പേരുമാണ് കോഴിക്കോട് നിന്നും ട്രെയിന്‍ മാര്‍ഗം സ്വദേശത്തേക്ക് യാത്രയായത്.