കൊവിഡ് പരിശോധനാഫലം സ്ഥിരമായി വൈകുന്നു; മുംബൈയിലെ ഏറ്റവും വലിയ സ്വകാര്യ കൊവിഡ് ടെസ്റ്റിങ് ലാബിന് വിലക്ക്
മുംബൈ: കൊവിഡ് പ്രതിരോധത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് മുംബൈയില്‍ സ്വകാര്യ കൊവിഡ് പരിശോധനാ ലാബിന് ബ്രിഹാന്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ വിലക്കേര്‍പ്പെടുത്തി. പരിശോധനാഫലം സ്ഥിരമായി വൈകുന്നുവെന്നാരോപിച്ചാണ് ലാബിന് വിലക്കേര്‍പ്പെടുത്തിയത്. നാല് ആഴ്ചയാണ് വിലക്ക്. മുംബൈയിലെ ഏറ്റവും വലിയ ലാബുകളിലൊന്നാണ് ഇത്.
ലാബ് പരിശോധന വൈകുന്നത് സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തുന്നതിലും ചില കേസില്‍ രോഗി മരിക്കുന്നതിനും കാരണമായെന്നാണ് ബിഎംസിയുടെ ആരോപണം. ഫലം വൈകുന്ന കാര്യം ലാബും അംഗീകരിക്കുന്നുണ്ടെങ്കിലും തങ്ങളുടെ ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചതാണ് ഫലപ്രഖ്യാപനം വൈകാന്‍ കാരണമെന്നാണ് ലാബ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. അതേസമയം അതിദീര്‍ഘമായി ഫലപ്രഖ്യാപനം വൈകിയെന്ന ആരോപണം ലാബ് നിഷേധിച്ചു. വൈകിയിട്ടുണ്ടെങ്കിലും വൈകല്‍ നാമമാത്രമാണെന്ന് അവരുടെ വാദം.
നേരത്തെ തെറ്റായ ഫലം നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മറ്റൊരു ലാബിനെയും പരിശോധനയില്‍ നിന്ന് മാറ്റിനിര്‍ത്തിയിരുന്നു. ഇവര്‍ക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി വാസൈ വിരാര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ കത്തും നല്‍കിയിരുന്നു. ഇപ്പോള്‍ ഈ ലാബിന് പരിശോധന പുനരാരംഭിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മുംബൈയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 54000ത്തില്‍ അധികമാണ്.