യാത്രക്കാര്‍ക്ക് കുവൈത്തിലേക്ക് നേരിട്ട് പ്രവേശനം: വിമാനക്കമ്പനികള്‍ സമര്‍പ്പിച്ച നിര്‍ദേശം ഇന്ന് ചര്‍ച്ച ചെയ്യും
കുവൈത്ത് സിറ്റി: ഇന്ത്യ അടക്കമുള്ള 34 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കുവൈത്തിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്നതിന് ദേശീയ വിമാനക്കമ്പനികള്‍ സമര്‍പ്പിച്ച നിര്‍ദേശം ആരോഗ്യ മന്ത്രി ബാസില്‍ അല്‍ സബാഹ് ഇന്ന് ചര്‍ച്ച ചെയ്യും. ഇതിനു മന്ത്രിയുടെ അംഗീകാരം ലഭിച്ചാല്‍ വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
പ്രവേശന നിരോധനം നിലനില്‍ക്കുന്ന 34 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ രണ്ടായി തരം തിരിച്ചു കൊണ്ടായിരിക്കും തീരുമാനം നടപ്പിലാക്കുക. ഒന്ന് ഉയര്‍ന്ന രോഗവ്യാപനം നിലനില്‍ക്കുന്ന രാജ്യങ്ങള്‍. രണ്ട് കുറഞ്ഞ രോഗവ്യാപനമുള്ള രാജ്യങ്ങള്‍. ഒന്നാമത്തെ വിഭാഗത്തില്‍ പെടുന്ന രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ 3 തവണ പി.സി.ആര്‍. പരിശോധനക്ക് വിധേയരാകണം. ആദ്യത്തേത് പുറപ്പെടുന്ന രാജ്യത്ത് നിന്നും രണ്ടാമത്തേത് കുവൈത്ത് അന്തര്‍ദേശീയ വിമാനത്താവളത്തില്‍ നിന്നും. മൂന്നാമത്തേത് ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം കുവൈത്തി നിന്നും.
രണ്ടാമത്തെ വിഭാഗത്തില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് രണ്ടു തവണ മാത്രമേ പി.സി.ആര്‍ പരിശോധന നടത്തേണ്ടതുള്ളൂ. പുറപ്പെടുന്ന രാജ്യത്ത് നിന്നും കുവൈത്തില്‍ എത്തിയാല്‍ വിമാനത്താവളത്തില്‍വച്ചും. പി.സി.ആര്‍ പരിശോധനയുടെ ചെലവ് യാത്രക്കാര്‍ സ്വന്തമായി വഹിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. രോഗലക്ഷണങ്ങള്‍ 5 ദിവസത്തിനകം പ്രകടമാകുമെന്നതിനാല്‍ ക്വാറന്റൈന്‍ കാലാവധി ഒരാഴ്ചയായി പരിമിതപ്പെടുത്തും. ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ എന്ന ആശയമാണ് വിമാനക്കമ്പനികള്‍ മുന്നോട്ട് വച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് നാളെ നടക്കുന്ന ചര്‍ച്ചയില്‍ ആരോഗ്യമന്ത്രാലയം അംഗീകാരം നല്‍കുമെന്നാണു സൂചന. അങ്ങിനെയെങ്കില്‍ ഇന്ത്യ അടക്കമുള്ള 34 രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിനു പ്രവാസുകള്‍ക്ക് കുവൈത്തിലേക്കു നേരിട്ട് പ്രവേശനം സാധ്യമാകും.