ന്യൂനപക്ഷ മോര്‍ച്ച വനിതാ നേതാവിന് ബിജെപി നേതാവിന്റെ തെറി അഭിഷേകവും വധഭീഷണിയും; എസിപിക്ക് പരാതി നല്‍കി വനിതാ നേതാവ്
കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രനെ പരാജയപ്പെടുത്താന്‍ ബാലു ജി നായര്‍ ഉള്‍പ്പെടെ പ്രവര്‍ത്തിരുന്നതായി തങ്കച്ചി പരാതിപ്പെട്ടിരുന്നു
തിരുവനന്തപുരം: ന്യൂനപക്ഷ മോര്‍ച്ച വനിതാ ജില്ലാ നേതാവിന് ബിജെപി നേതാവിന്റെ തെറി അഭിഷേകവും വധഭീഷണിയും. ന്യൂനപക്ഷ മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് തങ്കച്ചി ഏണസ്റ്റിനെ വധിക്കുമെന്നാണ് ബിജെപി കഴക്കൂട്ടം മണ്ഡലം ജനറല്‍ സെക്രട്ടറി ബാലു ജി നായരുടെ ഭീഷണി. മന്ത്രി വി മുരളീധരന്റെ തീരദേശ ദുരിതാശ്വാസ കാംപ് സന്ദര്‍ശനം അറിയിക്കാത്തത് എന്തെന്ന തങ്കച്ചിയുടെ ചോദ്യത്തിന് മറുപടിയായാണ് ബിജെപി നേതാവിന്റെ തെറി അഭിഷേകവും വധ ഭീഷണിയും.
'മുരളീധരനെ കെട്ടികെട്ടിക്കാന്‍ നടക്കുന്നവരാണ് നീയൊക്കൊ, ഞങ്ങള്‍ക്കെതിരേ നീങ്ങിയാല്‍ വെറുതേ വിടില്ലെന്നും കൊന്നുകളയുമെന്നുമ'ാണ് ഫോണിലൂടെയുള്ള ഭീഷണി.
ബിജെപി മണ്ഡലം നേതാവിന്റെ വധഭീഷണിയും തെറിയഭിഷേകവും ചേര്‍ന്ന ഫോണ്‍ സംഭാഷണം ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. ബിജെപി നേതാവിന്റെ തെറിയഭിഷേകത്തിനും വധഭീഷണിക്കും എതിരേ തങ്കച്ചി ഏണസ്റ്റ് കഴക്കൂട്ടം എസിപിക്ക് പരാതി നല്‍കി. വിവാദ ഫോണ്‍ സംഭാഷണത്തിന്റെ ക്ലിപ് ഉള്‍പ്പെടെയാണ് തങ്കച്ചി പരാതിയായി നല്‍കിയിരിക്കുന്നത്.
കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രനെ പരാജയപ്പെടുത്താന്‍ ബാലു ജി നായര്‍ ഉള്‍പ്പെടെ പ്രവര്‍ത്തിരുന്നതായി തങ്കച്ചി പരാതിപ്പെട്ടിരുന്നു. ജില്ലാ നേതാക്കളില്‍ നിന്ന് വലിയ തുക ഇവര്‍ തിരഞ്ഞെടുപ്പ് ഫണ്ട് കൈപ്പറ്റി. എന്നാല്‍ ആ ഫണ്ട് നേതാക്കള്‍ വീതിച്ചെടുത്തുവെന്ന് തങ്കച്ചി പറഞ്ഞു. ശോഭയെ പരാജയപ്പെടുത്താനാണ് ബാലു ശ്രമിച്ചത്. ഇത് ചോദ്യം ചെയ്തതോടെയാണ് ബിജെപി നേതാക്കളില്‍ നിന്ന് തനിക്കും ഭര്‍ത്താവിനും ഭീഷണി തുടങ്ങിയതെന്നും തങ്കച്ചി പറയുന്നു. നേരത്തെ തങ്കച്ചിയെ വാഹനമിടിച്ച് കൊലപ്പെടുത്താനും ഇവര്‍ ശ്രമിച്ചിരുന്നു. തങ്കച്ചിയുടെ ഭര്‍ത്താവും ന്യൂനപക്ഷ മോര്‍ച്ച ജില്ലാ നേതാവുമായ ഏണസ്റ്റ് മിരാന്റക്കും ബിജെപി നേതാക്കളുടെ ഭീഷണിയുണ്ട്.
നേരത്തെ ശോഭ സുരേന്ദ്രന്റെ കെട്ടുകണക്കിന് തിരഞ്ഞെടുപ്പ് പോസ്റ്ററുകളും അഭ്യര്‍ഥനയും ബിജെപി നേതാവ് ബാലുവിന്റെ വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയത് വിവാദമായിരുന്നു.
ഏറെ സമ്മര്‍ദ്ധങ്ങള്‍ക്കൊടിവിലാണ് ബിജെപി ശോഭയെ കഴക്കൂട്ടത്ത് സ്ഥാനാര്‍ഥിയാക്കിയത്.