മുസ്‌ലിം സമുദായത്തെ അവഹേളിക്കുന്നു; ന്യൂനപക്ഷ മോര്‍ച്ച നേതാവ് താഹ ബാഫഖി തങ്ങള്‍ ബിജെപി വിട്ടു

Update: 2021-10-12 17:01 GMT
കോഴിക്കോട്: ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സമിതി അംഗവും മുസ്‌ലിം ലീഗ് നേതാവായിരുന്ന സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ പേരക്കുട്ടിയുമായ താഹ ബാഫഖി തങ്ങള്‍ ബിജെപി വിട്ടു. മുസ്‌ലിം സമുദായത്തെ ആകെ അവഹേളിക്കുന്ന രീതിയാണ് പാര്‍ട്ടി നേതൃത്വത്തിനെന്ന് സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനയച്ച രാജിക്കത്തില്‍ സെയ്ദ് താഹ ബാഫഖി തങ്ങള്‍ വ്യക്തമാക്കി. തന്റെ പേരും കുടുംബവും വച്ച് ബിജെപി മാര്‍ക്കറ്റിംഗ് തന്ത്രമാണ് നടത്തിയതന്നും താഹ വാഫഖി തങ്ങള്‍ പറഞ്ഞു.


ഇത് രണ്ടാമത്തെ പ്രാവശ്യമാണ് താഹ ബാഫഖി തങ്ങള്‍ ബിജെപിയില്‍ നിന്ന് രാജിവെക്കുന്നത്. നേരത്തെ പൗരത്വഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ചായിരുന്നു ഇദ്ദേഹം ബിജെപിയില്‍ നിന്നും ആദ്യം രാജിവെച്ചത്. എന്നാല്‍ ബിജെപിക്കാര്‍ പിന്തുടര്‍ന്ന് രണ്ടാമതും സംഘടനയില്‍ ചേര്‍ക്കുകയായിരുന്നുവെന്നാണ് സയ്യിദ് താഹ ബാഫഖി തങ്ങളുടെ വിശദീകരണം. ശ്രീധരന്‍പിള്ള സംസ്ഥാന അധ്യക്ഷനായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ശ്യാം എന്ന വ്യക്തി പരസ്യമായി അധിക്ഷേപിച്ചിട്ടും നടപടിയെടുത്തില്ല എന്ന് താഹ ബാഖഫി തങ്ങള്‍ ഒരു ചാനല്‍ പരിപാടിയില്‍ പറഞ്ഞിരുന്നു. ' ഇവര്‍ മനുഷ്യരെയല്ല സ്‌നേഹിക്കുന്നത്. മതത്തെയാണ്. ഭിന്നിപ്പിക്കലാണ് ഏറ്റവും വലിയ ആയുധം.' താഹ ബാഫഖി തങ്ങള്‍ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു. നേരത്തെ മുസ്‌ലിം ലീഗിലായിരുന്ന താഹ ബാഫഖി തങ്ങള്‍ 2019 ആഗസ്റ്റിലായിരുന്നു ബിജെപിയില്‍ ചേര്‍ന്നത്. ശേഷം ഡിസംബറില്‍ ആദ്യമായി രാജിവെച്ചു

പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും ഒഴിയുന്നതായി ബിജെപി സംസ്ഥാന സമിതി അംഗവും ചലച്ചിത്ര സംവിധായകനുമായ അലി അക്ബര്‍ അറിയിച്ചിരുന്നു. മുസ്‌ലിം സമുദായത്തില്‍ നിന്ന് പാര്‍ട്ടിയിലെത്തുന്നവര്‍ വലിയ അവഗണന നേരിടുന്നതായി അലി അക്ബര്‍ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചിരുന്നു.




Similar News