ദുരന്തനിവാരണം: തദ്ദേശസ്ഥാപന തലത്തില്‍ പ്രത്യേക ടീമുകളെ വാര്‍ത്തെടുക്കണമെന്ന് ജില്ലാ കലക്ടര്‍

Update: 2022-07-04 13:25 GMT

തൃശൂര്‍: ജില്ലയില്‍ ദുരന്ത നിവാരണദുരന്ത ലഘൂകരണ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തദ്ദേശ സ്ഥാപന തലങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ പ്രത്യേക ടീമുകളെ വാര്‍ത്തെടുക്കണമെന്ന് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ നിര്‍ദ്ദേശിച്ചു. പ്രകൃതിക്ഷോഭം ഉള്‍പ്പെടെയുള്ള ദുരന്ത സാഹചര്യങ്ങളോടുള്ള പ്രതികരണം കൂടുതല്‍ വേഗത്തിലാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. ദുരന്തനിവാരണത്തില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ രൂപീകൃതമായ ഇന്റര്‍ ഏജന്‍സി ഗ്രൂപ്പിന്റെ ജനറല്‍ ബോഡി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

തദ്ദേശ സ്ഥാപനതലത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ദുരന്തനിവാരണ ലഘൂകരണ പ്രവര്‍ത്തനങ്ങളില്‍ മികച്ച പരിശീലനം ലഭ്യമാക്കണം. സന്നദ്ധ പ്രവര്‍ത്തകര്‍ക്കായുള്ള സര്‍ക്കാര്‍ പോര്‍ട്ടലായ സന്നദ്ധയില്‍ രജിസ്റ്റര്‍ ചെയ്തവരെ ഉപയോഗപ്പെടുത്തിയായിരിക്കും റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍ക്ക് രൂപം നല്‍കുക. ദുരന്തനിവാരണം, ദുരന്ത മുന്നറിയിപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളുടെയും മുന്നറിയിപ്പുകളുടെയും വിതരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് സംവിധാനമൊരുക്കും. സന്ദേശങ്ങള്‍ താഴേത്തട്ട് വരെ ലഭ്യമാക്കുന്നതിന് പ്രത്യേക ഊന്നല്‍ നല്‍കണം. ദുരന്തമുഖങ്ങളില്‍ നിന്ന് മുന്‍ഗണനാ ക്രമത്തില്‍ ഒഴിപ്പിക്കേണ്ട ഭിന്നശഷിക്കാര്‍, രോഗികള്‍, വയോജനങ്ങള്‍ തുടങ്ങിയവരുടെ കൃത്യമായ വിവരങ്ങള്‍ ജിയോ ടാഗിംഗിന്റെ കൂടി സഹായത്തോടെ നവീകരിക്കാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ (ഡിഎം) പരീത് കെ എസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ സ്‌റ്റേഷന്‍ ഓഫീസര്‍ കെ ഒ വിജയ് കൃഷ്ണ, അസി. സ്‌റ്റേഷന്‍ ഓഫീസര്‍ പി രഘുനാഥന്‍ നായര്‍, സി കെ സുരേഷ് (ആത്മ ഫൗണ്ടേഷന്‍), ടി കെ സനീഷ് (കുമരനെല്ലൂര്‍ ഈഴവ സമുദായ ട്രസ്റ്റ്), സുരേഷ് ശ്രീധരന്‍ (ആല്‍ഫ പാലിയേറ്റീവ് കെയര്‍), ഡോ.കെ സോമന്‍ (എനര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റി), ഷീബ അമീര്‍ (സൊലെയ്‌സ്),

ഡോ.ഫാദര്‍ ജോസ് വട്ടക്കുഴി (സാന്ത്വനം), പി ബി നിര്‍മല്‍ കുമാര്‍ (ഫയര്‍), ടി അരുണ്‍ കുമാര്‍ (ഫയര്‍), ജോണ്‍സണ്‍ വര്‍ഗീസ് (നിപ്മര്‍), എം ഡി ജോണ്‍സണ്‍ (ബെസ്റ്റ് ഓര്‍ഗനൈസേഷന്‍ സര്‍വീസ് സൊസൈറ്റി), എസ് പി രവി (റിവര്‍ റിസേര്‍ച്ച് സെന്റര്‍), ഫാദര്‍ വര്‍ഗീസ് കട്ടശ്ശേരി (കിഡ്‌സ് കോട്ടപ്പുറം), എസ് ലിമ (ഫൗണ്ടേഷന്‍ ഫോര്‍ സോഷ്യല്‍ ഹെല്‍ത്ത്), മുഹമ്മദ് ഷരീഫ് (എസ് വൈ എസ് സാന്ത്വനം), അബ്ദുല്‍ വഹാബ് സഅദി (എസ് വൈഎസ് സാന്ത്വനം), ശെയ്ഖ് ദാവൂദ് (എന്‍ഐഇഡിഎസ് ഇരിങ്ങാലക്കുട), ഹസാഡ് അനലിസ്റ്റ് സുസ്മി സണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു.

ദുരന്തനിവാരണലഘൂകരണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ ജില്ലാതല കൂട്ടായ്മയാണ് ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ്. മഴക്കാല പൂര്‍വ്വ മുന്നൊരുക്കം, രക്ഷാപ്രവര്‍ത്തനങ്ങള്‍, ദുരിതാശ്വാസപുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ സര്‍ക്കാരിതര സംഘടനകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായാണ് ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്.

Similar News